പ്രസവേദനയുമായി ആശുപത്രിയിലെത്തിയ സഹോദരിയുടെ ദുരവസ്ഥ ഫേസ്ബുക്ക് ലൈവില്‍ തുറന്നുപറഞ്ഞു; ഒടുവില്‍ യുവാവ് അറസ്റ്റില്‍

മലപ്പുറം: പ്രസവേദനയുമായി ആശുപത്രിയിലെത്തിയ സഹോദരിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഫേസ്ബുക്ക് ലൈവിലൂടെ തുറന്നു പറഞ്ഞ പൊന്നാനി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തെന്നു പരാതി. അത്യാസന്ന നിലയില്‍ ആശുപത്രിലെത്തിയ സഹോദരിയെ ഇരുത്തിക്കൊണ്ടുപോകാന്‍ ചക്രക്കസേര കിട്ടിയില്ലെന്നും ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് യുവാവ് ലൈവില്‍ ആരോപിച്ചത്. പ്രസവവേദനയുമായി മാതൃശിശു ആശുപത്രിയിലെത്തിയപ്പോഴായിരുന്നു ഈ ദുരവസ്ഥ.

ജാഫര്‍ എന്ന യുവാവാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ സഹോദരിക്ക് നേരിടേണ്ടിവന്ന അവസ്ഥ തുറന്നുപറഞ്ഞത്. എന്നാല്‍ ആശുപത്രി സൂപ്രണ്ടിന്റെ പരാതിയില്‍ ഇയാളെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരെ അസഭ്യം പറഞ്ഞെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ആശുപത്രിയെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് കേസ്.

പൊന്നാനി സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന ജീഫറിന് ഇന്നലെ ജാമ്യം ലഭിച്ചു. ജാഫറിനെതിരെയുള്ല നടപടിക്കെതിരെ ഇയാളുടെ ബന്ധുക്കളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. പൊലീസും ആശുപത്രി ജീവനക്കാരും ഒത്തുകളിച്ച്‌ ജാഫറിനെ കേസില്‍ കുടുക്കിയതാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.