മാക്കൂട്ടം ചുരം റോഡിൽ പച്ചക്കറി ലോറി കൊക്കയിലേക്ക് മറിഞ്ഞു ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇരിട്ടി: മാക്കൂട്ടം -ചുരം റോഡില്‍ പച്ചക്കറി ലോറി നിയന്ത്രണം വിട്ട്   5 മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞു ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു  അപകടം.  അന്തര്‍ സംസ്ഥാന പാതയില്‍ ചുരം റോഡിലെ മുമ്മടക്ക് വളവിലാണ് ലോറി മറിഞ്ഞത്.  മൈസൂരുവില്‍  നിന്നും ആലുവയിലേക്ക് പച്ചക്കറികളുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. കോഴിക്കോട് സ്വദേശിയുടേതാണ് ലോറി. കഴിഞ്ഞ കാലവര്‍ഷത്തില്‍  തകര്‍ന്ന ചുരം പാത ദിവസങ്ങള്‍ക്ക് മുമ്പാണ് വലിയ വാഹനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. റോഡ് കൊക്കയിലേക്ക് ഇടിഞ്ഞ ഭാഗങ്ങള്‍ ബലപ്പെടുത്താനുള്ള നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. മരം വീണും മണ്ണിടിഞ്ഞും മറ്റും തകര്‍ന്ന സംരക്ഷണ ഭിത്തികള്‍  നന്നാക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. മള്‍ട്ടി ആക്ലില്‍ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരുകയാണ്. പ്രളയം കഴിഞ്ഞ് ആറുമാസതോട് അടുത്തിട്ടും പാതയെ ശാസ്ത്രീയമായി നവീകരിക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. അപകട മേഖലകളില്‍ സിഗ്നല്‍ ബോര്‍ഡുകല്‍ പോലും സ്ഥാപിച്ചിട്ടില്ല. ദിനം പ്രതി ചരക്ക്- യാത്ര വാഹനങ്ങള്‍ ഉള്‍്‌പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ചുരം പാത വഴി കടന്നു പോകുന്നത്.
 വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണമെന്നും മറ്റുമുള്ള നിര്‍ദ്ദേശങ്ങളും പലരും പാലിക്കാതതും അപകടങ്ങള്‍ക്കിടയാക്കുന്നു.റോഡ് പൂര്‍ണ്ണമായും കൊക്കയിലേക്ക് ഇടിഞ്ഞു താഴ്ന്ന ഭാഗങ്ങളില്‍  ജില്ലി കല്ലുകളും മറ്റും പാകി  താല്ക്കാലിക സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഓട്ടത്തിനിടയില്‍ ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന സാഹജര്യമാണ് ചുരം പാതയില്‍ ഇപ്പോള്‍ നിലനില്ക്കുന്നത്