ട്രെയിന്‍ യാത്രയ്ക്കിടെ അബോധാവസ്ഥയിലായ മധ്യവയസ്കന് തുണയായി റെയില്‍വേ പോലീസ്
കൂത്തുപറമ്പ്: ട്രെയിന്‍ യാത്രയ്ക്കിടെ അബോധാവസ്ഥയിലായ മധ്യവയസ്കന് തുണയായി റെയില്‍വേ പോലീസ്. കണ്ണൂര്‍ റെയില്‍വേ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അവസരോചിതമായ ഇടപെടലിലൂടെ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ് പയ്യന്നൂര്‍ സ്വദേശിയായ ഉണ്ണികൃഷ്ണന് (55). ബുധനാഴ്ച രാവിലെ 8.15 ഓടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. മംഗലാപുരം-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനിലെ സൈഡ് സിംഗിള്‍ സീറ്റില്‍ ഒരാള്‍ അബോധാവസ്ഥയില്‍ കിടക്കുന്നുണ്ടെന്നായിരുന്നു റെയില്‍വേ പോലീസിന് ലഭിച്ച വിവരം. എസ്ഐ സുരേന്ദ്രന് കല്യാടന്റെ നിര്‍ദേശപ്രകാരം പോലീസ് ഉടന്‍ കംപാര്‍ട്ടുമെന്റിലെത്തി. വായില്‍നിന്ന് നുരയും പതയും വന്ന നിലയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയിലായിരുന്നു ഉണ്ണികൃഷ്ണന്.
സ്ഥലത്തെത്തിയ റെയില്വേപോര്ട്ടറു സഹായത്തോടെ പോലീസ് ഉദ്യോഗസ്ഥര്‍ ദേഹത്ത് തടവിയും കൃത്രിമ ശ്വാസോച്ഛാസം നല്‍കുകയും ചെയ്തതോടെ ഉണ്ണിക്കൃഷ്ണന് ബോധം തിരിച്ചുകിട്ടി. ഉടന്‍ വിളിച്ചു വരുത്തിയ 108 ആംബുലന്‍സില്‍ കയറ്റി ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പയ്യന്നൂരില്‍നിന്ന് ട്രെയിനില്‍ കയറിയ ഉണ്ണികൃഷ്ണന് വളപട്ടണത്തായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. ഇയാള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. റെയില്‍വേ എഎസ്ഐ പി.കെ. അക്ബര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനു, പ്രശാന്തന്, റെയില്‍വേ ടെക്നിക്കല്‍ സ്റ്റാഫ് സജില്‍ ബേബി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
0 Comments