പുതുവത്സര രാവ് ആഘോഷമാക്കാന്‍ 2800 ലഹരി ഗുളികകളുമായി കോഴിക്കോട്ടെത്തിയ യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നഗരത്തില്‍ വീണ്ടും പോലീസിന്റെ വന്‍ ലഹരിമരുന്ന് വേട്ട. രണ്ടായിരത്തി എണ്ണൂറ്ലഹരി ഗുളികകളുമായി കല്ലായി വലിയപറമ്ബില്‍സഹറത്ത് (43)നെ പോലീസ് അറസ്റ്റ് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പോലീസും നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണര്‍ പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്) ചേര്‍ന്ന് കല്ലായ് റെയില്‍വേഗുഡ്‌സ് യാഡിന് സമീപത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. 2800-ലഹരി ഗുളികകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു.

പുതുവത്സര ആഘോഷരാവുകളില്‍ മാറ്റുകൂട്ടുന്നതിനായി വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇത്രയധികം ലഹരി ഗുളികകള്‍ ജില്ലയില്‍ എത്തിച്ചത്. ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം ഗുളികകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ലഭിക്കാറില്ല. അമിതാദായത്തിനായി നിയമവിരുദ്ധമായി ഇത്തരം ഗുളികകള്‍ കച്ചവടം ചെയ്യുന്ന ഹൈദരാബാദിലെ ചില ഷോപ്പുകളില്‍ നിന്നാണ് ഇയാള്‍ വലിയ അളവില്‍ ഈ ലഹരി കോഴിക്കോട്ടെത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. 24 ഗുളികകളടങ്ങിയ ഒരു സ്ട്രിപ്പിന്റെ യഥാര്‍ത്ഥ വില 200 രൂപയില്‍ താഴെ മാത്രമാണ്. പക്ഷെ നിയമവിരുദ്ധമായി പിന്‍വാതില്‍ വഴി സ്ട്രിപ്പിന് 1300 രൂപക്കാണ്ഹൈദരാബാദിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ നിന്നുംഈ ലഹരി ഗുളികകള്‍ ഇയാള്‍ വാങ്ങിക്കുന്നത്. ലഹരി ഉപയോക്താക്കളായയുവതീയുവാക്കള്‍ക്കിടയില്‍ 1800-2000 രൂപയ്ക്കാണ് വില്പന നടത്തുന്നതെന്നും പോലീസ് പറഞ്ഞു.

കാലങ്ങളായി ലഹരിക്കടിമയായ ഇയാള്‍ അമിതാദായത്തിനും തനിക്ക് ലഹരി ഉപയോഗിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനുമാണ് ഈ കച്ചവടത്തിലേക്ക് കടന്നത്. ആന്ധ്രയില്‍ നിന്നുംട്രെയിന്‍ മാര്‍ഗ്ഗമാണ് ഇത്തരം ലഹരി ഗുളികകള്‍ ജില്ലയില്‍ എത്തിച്ചിരുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.