ഭരണസംവിധാനത്തില്‍ കാലാനുസൃതമായ മാറ്റം അനിവാര്യം: കെ വി സുമേഷ്
സാങ്കേതിക സംവിധാനങ്ങള്‍ അതിദ്രുതം വികസിച്ച് കൊണ്ടിരിക്കുന്ന ഈ കാലത്ത് ഭരണസംവിധാനത്തില്‍ കാലാനുസൃതമായ മാറ്റമുണ്ടാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്. ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും വിവര പൊതുജനസമ്പര്‍ക്ക വകുപ്പും ചേര്‍ന്ന് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കും ഗാന്ധിജയന്തി വാരാഘോഷ മത്സരങ്ങളിലെ വിജയികള്‍ക്കുമുള്ള സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷ എന്നത് ഒരു വ്യക്തിയുടെ ആത്മാവിഷ്‌ക്കാരമാണ്. തന്റെ വികാരങ്ങളെ പ്രകടിപ്പിക്കുന്നത് ഭാഷയിലൂടെയാണ്. മലയാള ഭാഷയെ ഭരണഭാഷയാക്കാന്‍ ഒരു വ്യക്തി എന്ന നിലയില്‍ നമുക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന് ഒരോരുത്തരും ചിന്തിക്കണം. മലയാള ഭാഷ ഔദ്യോഗിക ഭരണസംവിധാനത്തിന്റെ ഭാഗമാണെങ്കിലും ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോവാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി സര്‍വ്വീസ് സ്‌റ്റോറി മത്സരം, പ്രശ്‌നോത്തരി, പരിഭാഷ മത്സരങ്ങള്‍ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചന, പ്രബന്ധ രചന മത്സരങ്ങള്‍ എന്നിവയില വിജയികള്‍ക്കാണ് സമ്മാനം വിതരണം ചെയ്തത്. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് സമ്മാനദാനം നിര്‍വ്വഹിച്ചു. എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി പി വേണുഗോപാല്‍ മത്സരം അവലോകനം ചെയ്ത് സംസാരിച്ചു. ജില്ലയ്ക്ക് ലഭിച്ച ഭരണഭാഷ പുരസ്‌കാര തുക ഉപയോഗിച്ച് ജില്ലയിലെ ഇതരസംസ്ഥാന വിദ്യാര്‍ഥികളുടെ മലയാള ഭാഷാ പഠനത്തിനായി പുസ്തകങ്ങള്‍ നല്‍കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. ദേവത്താര്‍കണ്ടി ഗവ.യു പി സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 20 ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്കാണ് ചടങ്ങില്‍ വച്ച് പുസ്തകങ്ങള്‍ കൈമാറിയത്. ജില്ലയിലെ മാലിന്യ നിര്‍മാര്‍ജന രംഗത്തെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ പരിഗണിച്ച് കെന്‍സ ടിഎംടി മാനേജിംഗ് പാര്‍ട്ണര്‍ പി എം മുഹമ്മദ് ഹര്‍ഷാദിനെയും അദ്ദേഹത്തിന്റെ ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എഡിഎം ഇ പി മേഴ്‌സി അധ്യക്ഷയായി. പി ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ പി അബ്ദുള്‍ ഖാദര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, അസിസ്റ്റന്റ് എഡിറ്റര്‍ സി പി അബ്ദുള്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments