മംഗളൂരുവില്‍ കര്‍ഫ്യൂ; പൊലീസ് വെടിവെപ്പില്‍ രണ്ട് മരണം

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കനത്ത പ്രക്ഷോഭമുണ്ടായ മംഗളൂരുവില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്. പൊലീസ് അക്രമത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ജലീല്‍, നൗഷിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.ബന്തര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് വെടിവെപ്പുണ്ടായത്.

ഇതിന് പിന്നാലെ അക്രമങ്ങള്‍ തടയാന്‍ പൊലീസ്​ അഞ്ചിടത്ത്​ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബന്തര്‍, കദ്രി, ഉര്‍വ, പാണ്ഡേശ്വര്‍, ബര്‍കെ പൊലീസ്​ സ്​റ്റേഷന്‍ പരിധികളിലാണ്​ സിറ്റി പൊലീസ്​ കമ്മീഷണര്‍ പി.എസ്​. ഹര്‍ഷ കര്‍ഫ്യൂ പ്രഖ്യാപിച്ചത്​. കല്ലേറില്‍ 10 സമരപ്രതിനിധികള്‍ക്കും രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ നഗരത്തിലെ ആശുപത്രികളിലേക്ക്​ മാറ്റി. പലരെയും അറസ്​റ്റ്​ ചെയ്​തു നീക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ്​ ലാത്തി വീശി. കണ്ണില്‍ കണ്ടവരെയെല്ലാം ഒാടിച്ചിട്ടു തല്ലിയ പൊലീസിനുനേരെ പലയിടത്തും സംഘടിച്ച സമരക്കാര്‍ കല്ലെറിഞ്ഞു. റോഡില്‍ ടയറുകള്‍ക്ക്​ തീയിട്ടു. ഒരു മോ​േട്ടാര്‍ ബൈക്കും കത്തിച്ചു.​ തുടര്‍ന്ന്​ പൊലീസ്​ കണ്ണീര്‍ വാതക ഷെല്‍ പ്രയോഗം നടത്തി. ജലപീരങ്കി ഉപയോഗിച്ചും പൊലിസ് സമരക്കാരെ നേരിട്ടു.