ദുരന്ത മുഖത്ത് സേവനം: ഇരിട്ടി അഗ്നിരക്ഷാ നിലയത്തിൽ 50 പേര് പരിശീലനം പൂർത്തിയാക്കി


ഇരിട്ടി: ദുരന്തമുഖത്ത് സേവനം നൽകുക എന്ന ലഷ്യത്തോടെ തിരഞ്ഞെടുത്ത യുവാക്കൾക്ക് പരിശീലനം നൽകുന്ന പരിപാടി  ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തില്‍  നടന്നു. തിരഞ്ഞെടുത്ത 50  പേര്‍ക്കായുള്ള 3 ദിവസത്തെ പരിശീലനമാണ് ഇരിട്ടി നിലയത്തിൽ വെച്ച് നടന്നത്. സംസ്ഥാനത്ത് അടിക്കടി ഉണ്ടാവുന്ന ദുരന്തങ്ങള്‍ കണക്കിലെടുത്താണ് സംസ്ഥാനത്ത് തന്നെ അതാത് പ്രദേശങ്ങളിലുള്ള 18നും 50 വയസ്സിനും ഇടയിലുള്ള യുവതീ  യുവാക്കളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കുന്ന പരിപാടിക്ക് തുടക്കമായത്. ഇതിന്റെ ഭാഗമായാണ് ഇരിട്ടി മേഖലയിലെ വിവിധ ഇടങ്ങളില്‍ നിന്നുള്ള 50 തോളം പേരെ തിരഞ്ഞെടുത്തത്. അത്യാവശ്യ ഘട്ടങ്ങളിൽ സേന ഉപയോഗിക്കുന്ന യന്ത്ര സാമഗ്രഹികൾ പരിചയപ്പെടുത്തിയും , ഫസ്റ്റ് എയ്ഡ് നൽകേണ്ട വിവിധ ഘട്ടങ്ങളും, നാട്ടിലെ വിവിധ അപകടങ്ങൾ ക്രിയാത്‌മകമായി നേരിടേണ്ട കാര്യങ്ങളും 3 ദിവസത്തെ ക്ലാസിലൂടെ ഇവർക്ക് പകർന്നു നൽകി. സ്റ്റേഷന്‍ ഓഫീസര്‍ സി. പി. രാജേഷിന്റെ അധ്യക്ഷതയില്‍ ഇരിട്ടി എസ് ഐ ദിനേശന്‍ കൊതേരിയാണ് ആദ്യ ദിനത്തിൽ പരിശീലന പരിപാടി  ഉദ്ഘാടനം ചെയ്തത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി. വി. ബെന്നി, ഫിലിപ്പ് മാത്യു .ടി. ആര്‍. സന്ദീപ്,  ആദര്‍ശ് തുടങ്ങിയവര്‍ ക്ലാസിന് നേതൃത്വം നൽകി. പരിശീലനം പൂർത്തിയാക്കിയവർ ജില്ലാ - സംസ്ഥാന തല പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.