മരങ്ങള്‍ നടാന്‍ കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്; ചെലവായത് 61ലക്ഷം രൂപ

തിരുവനന്തപുരം: മരങ്ങള്‍ നടണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കു നല്‍കിയ കത്തുകള്‍ അച്ചടിക്കാന്‍ ചെലവായത് 61 ലക്ഷം രൂപ. മരങ്ങളെ സംരക്ഷിക്കാനായി എല്ലാ രാജ്യങ്ങളും കടലാസുരഹിത സന്ദേശങ്ങളിലേക്കു മാറുമ്ബോള്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കണമെന്ന സന്ദേശമെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടതു 42 ലക്ഷം കടലാസുകള്‍.

28 സെന്റീമീറ്റര്‍ വീതിയും 21 സെന്റീമീറ്റര്‍ നീളവുമുള്ള കത്തിന്റെ 23 ലക്ഷം കോപ്പിയും 9.3 സെ.മീ. വീതിയും 21 സെ.മീ. നീളവുമുള്ള കത്തിന്റെ 19.55 ലക്ഷം കോപ്പിയുമാണ് അച്ചടിച്ചത്. 'പ്രിയപ്പെട്ട കുട്ടികള്‍ക്ക് മുഖ്യമന്ത്രി എഴുതുന്ന കത്ത്' എന്ന തലക്കെട്ടോടെയായിരുന്നു കത്തുകള്‍. 40 ലക്ഷം കോപ്പികളാണു കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് അച്ചടിച്ചത്.

പ്രവേശനോല്‍സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്കു കത്തു നല്‍കാനായിരുന്നു നിര്‍ദേശമെങ്കിലും ഒട്ടേറെ സ്‌കൂളുകളില്‍ കത്ത് സമയത്തിന് എത്തിക്കാനുമായില്ല. എന്നാല്‍, അച്ചടിച്ച കത്തിന്റെ ബില്ലു മാത്രം കൃത്യമായി കഴിഞ്ഞ ദിവസം സര്‍ക്കാരിനു മുന്നിലെത്തി. ആവശ്യപ്പെട്ട 61 ലക്ഷവും സര്‍ക്കാര്‍ പാസാക്കി നല്‍കുകയും ചെയ്തു.