അഞ്ചു വര്‍ഷത്തേക്കു വില കൂട്ടില്ല! സര്‍ക്കാര്‍ വാക്കുവിഴുങ്ങി, സപ്ലൈകോയില്‍ തീവില, റേഷന്‍ കടകളില്‍ നിന്ന് പച്ചരിയും മണ്ണെണ്ണയും ഔട്ടായി; കണ്ണടച്ചിരുട്ടാക്കി മന്ത്രിസഭ
തിരുവനന്തപുരം: "അഞ്ചു വര്‍ഷത്തേക്കു വില കൂട്ടില്ല!" സപ്ലൈകോ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെ കാര്യത്തിലായിരുന്നു പിണറായി സര്‍ക്കാരിന്റെ വാഗ്‌ദാനം. സപ്ലൈകോയില്‍ സബ്‌സിഡി/നോണ്‍ സബ്‌സിഡി സാധനങ്ങളുടെ വില വന്‍തോതില്‍ ഉയര്‍ത്തി. സബ്‌സിഡി സാധനങ്ങളുടെ അളവു കുറച്ചു. വിദേശത്തായിരുന്ന മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം ആദ്യമായി ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാതെ പിരിഞ്ഞു.
കേരളം അഭിമാനിച്ചിരുന്ന പൊതുവിതരണ ശൃംഖലയിലും പരാതികള്‍ മാത്രം. റേഷന്‍ കടകളില്‍ നിന്ന് പച്ചരിയും മണ്ണെണ്ണയും ഔട്ടായി. വെള്ളക്കാര്‍ഡുകാര്‍ക്ക് ഈ മാസവും മണ്ണെണ്ണ കിട്ടില്ല. സബ്‌സിഡിയില്ലാത്തസാധനങ്ങളുടെ വില വന്‍തോതില്‍ ഉയര്‍ത്തിയതിനു പിന്നാലെയാണു സപ്ലൈകോയില്‍ വീണ്ടും വിലവര്‍ധന. സബ്‌സിഡി ഉഴുന്നിന് ആറു രൂപയും നോണ്‍ സബ്‌സിഡി ഉഴുന്നിന് 33 രൂപയുമാണ് ഒറ്റയടിക്കു കൂട്ടിയത്.
സബ്‌സിഡി നിരക്കില്‍ 60 രൂപയ്‌ക്കു കിട്ടിയിരുന്ന ഉഴുന്നിന് ഈ മാസം 66 രൂപയായി. കൂടുതല്‍ വേണമെങ്കില്‍ സബ്‌സിഡിയില്ലാതെ കിലോയ്‌ക്ക് 115 രൂപ. കഴിഞ്ഞ മാസം 82 രൂപയേ ഉണ്ടായിരുന്നുള്ളൂ.
നോണ്‍ സബ്‌സിഡിയിനത്തില്‍ 79 രൂപയ്‌ക്കു കിട്ടിയിരുന്ന ചെറുപയറിന് 90 രൂപ. വന്‍പയര്‍ വില 70 രൂപയില്‍നിന്ന് 81 ആയി. മല്ലിക്ക് ആറുരൂപയും കടലയ്‌ക്ക് നാലു രൂപയും കൂട്ടി. മുളകിന്റെ വില 170 ല്‍ നിന്ന് 178 ആയി. കടല, ചെറുപയര്‍ പരിപ്പ് എന്നിവ റേഷന്‍ കാര്‍ഡൊന്നിന് രണ്ടു കിലോ ലഭിച്ചിരുന്നത് ഈ മാസം മുതല്‍ ഒരു കിലോയായി കുറച്ചു. സാധനങ്ങള്‍ ആവശ്യത്തിന് കിട്ടാനില്ലെന്നാണു വിശദീകരണം.പതിവുപോലെ, കേന്ദ്രത്തെ പഴിചാരുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്‌ഥാപനമായ നാഫെഡ് വഴിയെടുക്കുന്ന സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ലാത്തതു കാരണം ഓപ്പണ്‍ ടെന്‍ഡറിലേക്കു മാറിയതാണ് വില കൂടാന്‍ കാരണമെന്നു സപ്ലൈകോ എം.ഡി: കെ.എന്‍. സതീഷ് പറഞ്ഞു. അതേസമയം, സപ്ലൈകോ സാധനങ്ങള്‍ക്കു നിലവാരമില്ലെന്ന പരാതി പരിഹാരമില്ലാതെ തുടരുന്നു.
0 Comments