വയനാട് മെഡി.കോളേജ്: ബീനാച്ചി എസ്റ്റേറ്റിനായി മധ്യപ്രദേശ് സര്‍ക്കാരുമായി ബന്ധപ്പെടാമെന്ന് രാഹുല്‍ഗാന്ധി


കല്പറ്റ: വയനാട്ടില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ബത്തേരിയിലുള്ള ബീനാച്ചി എസ്റ്റേറ്റ് വിട്ടുകിട്ടുന്നതിനായി ഇടപെടാന്‍ തയ്യാറാണെന്ന് രാഹുല്‍ഗാന്ധി എം.പി. കല്പറ്റയില്‍ യു.ഡി.എഫ്. ബൂത്തുതല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ലാസ് മുറിയില്‍നിന്ന് പാമ്ബുകടിയേറ്റ് ഷഹ്‍ല ഷെറിന്‍ മരിക്കാനിടയായത് ദൗര്‍ഭാഗ്യകരമാണ്. ഈ ദുരന്തത്തില്‍നിന്ന് സന്ദേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ നമ്മള്‍ തയ്യാറാവണം. ജില്ലയില്‍ അത്യാഹിത ടെറിഷ്യറി കെയര്‍, അല്ലെങ്കില്‍ മെഡിക്കല്‍ കോളേജ് ഉണ്ടായിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു.

കളക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ മെഡിക്കല്‍ കോളേജിനായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ പ്രയാസങ്ങളാണ് പറഞ്ഞത്. മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ബത്തേരിയിലുള്ള ബീനാച്ചി എസ്റ്റേറ്റ് മെഡിക്കല്‍ കോളേജിനായി ഏറ്റെടുക്കണമെന്ന ആവശ്യം മുഖ്യമന്ത്രി മുമ്ബാകെ അറിയിച്ചിട്ടുണ്ട്. സ്ഥലം വിട്ടുനല്‍കുന്ന കാര്യത്തില്‍ മധ്യപ്രദേശ് സര്‍ക്കാരുമായി ബന്ധപ്പെടാന്‍ തയ്യാറാണ്. എന്നാല്‍ മെഡിക്കല്‍ കോളേജിനായി ആറേഴ് വര്‍ഷം കാത്തിരിക്കാന്‍ താന്‍ തയ്യാറല്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

സ്കൂളുകളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി ഇടപെടണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രിയാത്രാ നിരോധനം, റെയില്‍പാത തുടങ്ങി വയനാടിന്റെ വികസനപ്രശ്നങ്ങള്‍ ഒരുപാടുണ്ട്. അവയ്ക്ക് പരിഹാരം കാണാന്‍ യോജിച്ച്‌ പ്രവര്‍ത്തിക്കണമെന്നാണ് എന്റെ നിലപാട്. കണ്‍വെന്‍ഷനില്‍ റസാഖ് കല്പറ്റ അധ്യക്ഷത വഹിച്ചു.

അസംബന്ധങ്ങളല്ല, സാമ്ബത്തികതകര്‍ച്ചയുടെ കാരണമാണ് അറിയേണ്ടത്

രാജ്യത്തെ സാമ്ബത്തികതകര്‍ച്ചയുടെ കാരണങ്ങളെക്കുറിച്ചുള്ള വ്യക്തമായ മറുപടിയാണ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനില്‍നിന്ന് ലഭിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഇന്നുനേരിടുന്ന സാമ്ബത്തികതകര്‍ച്ച പെട്ടെന്ന് പരിഹരിക്കാനാവുന്നതല്ല. അന്താരാഷ്ട്രതലത്തില്‍ നമുക്കുള്ള സല്‍പ്പേര് ഇല്ലാതായി. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ ഉള്ളിവിലയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ധനമന്ത്രി താന്‍ ഉള്ളി ഉപയോഗിക്കാറില്ലെന്നാണ് പറഞ്ഞത്. നിങ്ങള്‍ കോഴിയിറച്ചി കഴിക്കുമോ, വെള്ളുത്തുള്ളി കഴിക്കുമോ, അല്ലെങ്കില്‍ എന്തു കഴിച്ചു എന്നല്ല ചോദിക്കുന്നത്, ഈ രാജ്യത്തെ സാമ്ബത്തികസ്ഥിതിക്ക് എന്തു സംഭവിച്ചു എന്നതിനാണ് ഉത്തരം കിട്ടേണ്ടത്. അതിന് പരിഹാസ്യമറുപടികള്‍ നല്‍കിയാല്‍ പോരെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയാണ്. ജനങ്ങളുടെ ചോദ്യങ്ങളും അവര്‍ക്ക് പറയാനുള്ളതും കേള്‍ക്കാതെ പ്രധാനമന്ത്രിക്ക് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു