ഉത്തര മലബാർ കർഷക പ്രക്ഷോഭം: പിൻതുണച്ച് കേളകം വ്യാപാരി വ്യവസായി ഏകോപനസമിതി
തലശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ ഡിസംബർ 9 ന് നടക്കുന്ന പ്രക്ഷോഭത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി കേളക മേഖല കമ്മിറ്റി ഐക്യദാർഡ്യം പ്രഖ്യാപിച്ചതായി നേതാക്കൾ കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കാർഷികമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, വന്യമൃഗ ആക്രമണങ്ങളിൽനിന്നു കർഷകരെ രക്ഷിക്കുക, കർഷകപെൻഷൻ 10000 ആയി ഉയർത്തുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തലശ്ശേരി അതിരൂപതയുടെ അഭിമുഖ്യത്തിൽ കണ്ണൂരിൽ കലക്ടറേറ്റ് മൈതാനിയിൽ വച്ച് ഡിസംബർ 9 ന് കർഷക റാലിയും പൊതുസമ്മേളനവും നടക്കുന്നത്.
കർഷകപ്രക്ഷോഭം വിജയിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങാൻ നേതാക്കൾ വ്യാപാരികളോട് ആഹ്വാനം ചെയ്തു. കാലാവസ്ഥ വ്യതിയാനവും, പ്രകൃതിക്ഷോഭവും കർഷകരെ ദുരിതക്കയത്തിലാക്കിയിട്ടും കർഷക വിരുദ്ധ കരാറുകൾ നടപ്പിലാക്കാനാണ് സർക്കാരുകളുടെ നീക്കം. ഇത് മൂലം ദുരിതമനുഭവിക്കുകയാണ് കർഷകർ. കാർഷിക മേഖലയിലെ വിലയിടിവും തകർച്ചയും മൂലം വ്യാപാരികളും, അനുബന്ധ തൊഴിലാളികളും പ്രതിസന്ധി നേരിടുകയാണ്. നോട്ട് നിരോധനവും, അശാസ്ത്രീയമായ ജി.എസ്.ടി നടപടികളും മൂലം കടുത്ത പ്രതിസന്ധിയിലാണ് വ്യാപാരികൾ.
മലഞ്ചരക്ക് കടകളിൽ വിൽപന നടത്തുന്ന കാർഷിക വിളകൾക്ക് ബേങ്ക് വഴി പണം നൽകുന്നതിന്റെ ദുരിതം കർഷകരും, വ്യാപാരികളും അനുഭവിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരമുണ്ടാവാൻ ശക്തമായ പ്രക്ഷോഭങ്ങൾ വേണ്ടിവരും. കർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധി പൊതു സമൂഹത്തിന്റെ പ്രതിസന്ധിയായി കണ്ട് കാർഷിക മേഖലയുടെ പുരോഗതിക്കായി സർക്കാർ തലത്തിൽ നടപടികളുണ്ടാവണമെന്നും, അതിനായി നടത്തുന്ന ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന്റെ വിജയത്തിനായി എല്ലാ പിന്തുണയും ഉണ്ടാവുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖല പ്രസിഡണ്ട് ജോർജ്കുട്ടി വാളു വെട്ടിക്കൽ, ജനറൽ സിക്രട്ടറി റജി കന്നുകുഴി, ഖജാഞ്ചി ജോൺ കാക്കരമറ്റം എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
0 Comments