സുമനസ്സുകള്‍ കനിഞ്ഞാല്‍ മാന്‍ഫ്രഡ് ഷെറിങ്ങറിന് ഓസ്ട്രിയയിലെത്താം


കൂത്തുപറമ്ബ്: ഒരു ബാഗും പിന്നിലിട്ട് ടൗണിലെത്തുന്ന മാന്‍ഫ്രഡ് ഷെറിങ്ങര്‍ സായ്പ് കൂത്തുപറമ്ബുകാരുടെ സ്ഥിരം കാഴ്ചയാണ്. ഓസ്ട്രിയക്കാരനായ മാന്‍ഫ്രഡ് ഷെറിങ്ങര്‍ 12 വര്‍ഷത്തോളമായി ആയിത്തറമമ്ബറത്താണ് താമസം. ഇനിയുള്ള കാലം സ്വദേശമായ ഓസ്ട്രിയയില്‍ സ്ഥിരതാമസമാക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍, പ്രത്യേകിച്ച്‌ ജോലിയോ വരുമാനമോ ഇല്ലാത്ത ഷെറിങ്ങറിന് നാട്ടിലേക്കുള്ള വിമാനക്കൂലി കണ്ടെത്താനാകുന്നില്ല.

ഈ മാസം 22-വരെയേ ഇന്ത്യയില്‍ കഴിയാന്‍ നിയമം അനുവദിക്കുന്നുള്ളൂ. ഓസ്ട്രിയയിലെ ഓഫ്സ്റ്റര്‍ ബര്‍ഗ് പ്രവശ്യക്കാരനായ മാന്‍ഫ്രഡ് ഷെറിങ്ങര്‍ തബലയില്‍ ഗവേഷണം നടത്തുന്നതിനാണ് ഒരു വ്യാഴവട്ടക്കാലം മുന്‍പ് ഇന്ത്യയിലെത്തിയത്. ഗുജറാത്ത്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കറങ്ങിയ ശേഷമായിരുന്നു കേരളത്തിലേക്കുള്ള വരവ്. ഇവിടത്തെ ഭൂപ്രകൃതിയും കാലവസ്ഥയും സംസ്കാരവും ഏറെ ഇഷ്ടപ്പെട്ട മാന്‍ഫ്രഡ് പിന്നീട് കേരളത്തില്‍ തന്നെ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനിടയില്‍ ആയിത്തറമമ്ബറം സ്വദേശിനിയെ വിവാഹം ചെയ്തു. ഇപ്പോഴിയാള്‍ ശാരീരിക പ്രയാസങ്ങള്‍ നേരിടുകയാണ്. ഇതിനിടയില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതും നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹത്തിന് തിരിച്ചടിയായി മാറി.

ഇപ്പോഴും ഓസ്ട്രിയന്‍ പൗരത്വം നിലനിര്‍ത്തുന്ന മാന്‍ഫ്രഡ് സ്വദേശത്തേക്ക് പോകുന്നതിനായി ഇന്ത്യയിലെ ഓസ്ട്രിയന്‍ എംബസിയുമായി പലതവണ ബന്ധപ്പെട്ടെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. സന്മനസ്സുള്ളവരാരെങ്കിലും കനിഞ്ഞാല്‍ 22-ന് മുന്‍പ് സ്വദേശത്തേക്ക് പറക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. അല്ലെങ്കില്‍ നിയമത്തിന്റെ കുരുക്കില്‍പ്പെടുകയായിരിക്കും ഫലം.