ചെമ്പരിക്ക ഖാസി വധം: സി.ബി.ഐ പുനരന്വേഷണം നടത്തുമെന്ന്


ന്യൂഡല്‍ഹി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസര്‍കോട് ചെമ്ബരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മുസ്‌ല്യാരുടെ ദൂരൂഹമരണത്തില്‍ സി.ബി.ഐ പുനരന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന് ഉറപ്പുനല്‍കി. കേരളത്തിലെ 19 എം.പിമാര്‍ ഒപ്പിട്ട നിവേദനത്തിന്‍റെ മറുപടിയായാണ് മന്ത്രിയുടെ ഉറപ്പ്.

കോണ്‍ഗ്രസ് പാര്‍ലിമെന്‍ററി പാര്‍ട്ടി ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷിനോടൊപ്പമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ അമിത് ഷായെ സന്ദര്‍ശിച്ചത്.
2010 ഫെബ്രുവരി 15നാണ് ചെമ്ബിരിക്ക ഖാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 6.50ന് ഇദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നുമാറി 900 മീറ്റര്‍ അകലെയുള്ള ചെമ്ബരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റര്‍ അകലെ പൊങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചെമ്ബരിക്ക ഖാസിയുടേത് ആത്മഹത്യ തന്നെയെന്ന നിലപാടിലായിരുന്നു പൊലീസ്. ക്രൈം ബ്രാഞ്ചും കേസ് അന്വേഷിച്ചു. സി.ബി.ഐയും ഖാസിയുടേത് ആത്മഹത്യ തന്നെയെന്ന നിലപാട് ശരിവെക്കുകയായിരുന്നു.

ഇതിനെ എറണാകുളം സി.ജെ.എം കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.
സി.ബി.ഐ യുടെ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍, മരണം ആത്മഹത്യയാണ് എന്നതിന് തെളിവില്ലെങ്കിലും വിദഗ്‌ധാഭിപ്രായം അനുസരിച്ച്‌ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മരണം ആത്മഹത്യയാണെന്ന് പ്രസ്താവിച്ചിരുന്നു.

ഖാസിയുടെ ദുരൂഹമരണത്തിന്‍റെ സത്യാവസ്ഥ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളാണ് നടന്നത്.