റേഷന്‍ കടകളിലൂടെ ഇനി മീനും മുട്ടയും ഇറച്ചിയും ?; നിര്‍ദേശം നീതി ആയോഗിന്റെ പരിഗണനയില്‍
ന്യൂഡല്‍ഹി: അരിയും ഗോതമ്ബും മണ്ണെണ്ണയും വാങ്ങാന്‍ പോയിരുന്ന റേഷന്‍ കടകളില്‍ നിന്ന് ഇനി ഇറച്ചിയും മീനും മുട്ടയും കിട്ടും. ഇത്തരമൊരു നിര്‍ദേശം നടപ്പാക്കുന്നത് നീതി ആയോഗിന്റെ പരിഗണനയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. പോഷകാഹാരക്കുറവ് അടിസ്ഥാനമാക്കിയുള്ള ആഗോള പട്ടിണിസൂചികയില്‍ രാജ്യം ഏറെ പിന്നിലായതിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം പരിഗണിക്കുന്നത്.
മാംസ്യം (പ്രോട്ടീന്‍) ഏറെ അടങ്ങിയ മാംസാഹാരം സബ്‌സിഡിനിരക്കില്‍ പൊതുവിതരണ സംവിധാനത്തിലൂടെ നല്‍കിയാല്‍ പോഷകാഹാര പ്രശ്‌നങ്ങള്‍ ഏറക്കുറെ പരിഹരിക്കാമെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍. നീതി ആയോഗിന്റെ 15 വര്‍ഷ പദ്ധതികള്‍ അടങ്ങിയ ദര്‍ശനരേഖ 2035ല്‍ ഈ നിര്‍ദേശം സ്ഥാനം പിടിച്ചേക്കുമെന്നാണ് സൂചന. അടുത്ത വര്‍ഷം ആദ്യം ദര്‍ശനരേഖ അവതരിപ്പിക്കാനും 2020 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്.
പ്രമുഖ എന്‍.ജി.ഒ. 'വെല്‍റ്റ് ഹങ്കര്‍ ഹല്‍ഫെറ്റി' ഈയിടെ പുറത്തുവിട്ട ആഗോള പട്ടിണിസൂചികയില്‍ പാകിസ്താനും പിന്നില്‍ 102ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 117 രാജ്യങ്ങളാണ് സൂചികയിലുള്ളത്. കഴിക്കുന്ന ഭക്ഷണത്തിലെ മാംസ്യത്തിന്റെ അളവിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിന്റെ സര്‍വേ നടന്നത്. മാംസ്യം ഏറെയുള്ള മാംസാഹാരത്തിന്റെ ഉയര്‍ന്നവില കാരണം ദരിദ്രര്‍ ഭക്ഷണത്തില്‍നിന്ന് ഇവ ഒഴിവാക്കുകയാണ്. ഇക്കാരണത്താലാണ് മാംസം വിതരണംചെയ്യുന്ന കാര്യം നീതി ആയോഗ് പരിഗണിക്കുന്നത്.


0 Comments