സര്‍ഗാലയയില്‍  ഒന്‍പതാമത് അന്താരാഷ്ട്ര കലാ കരകൗശല മേള.

പാരമ്പര്യത്തെയും സംസ്‌കാരത്തെയും സര്‍ഗാത്മകതയെയും സമന്വയിപ്പിക്കുന്ന  ഒമ്പതാമത് അന്താരാഷ്ട്ര സര്‍ഗ്ഗാലയ കലാകരകൗശല മേളയിലേക്ക് സന്ദര്‍ശകപ്രവാഹം. മേളയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ നിര്‍വ്വഹിച്ചു.  ഇന്ത്യന്‍ പരമ്പരാഗത കലാകാരന്മാരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദി എന്ന നിലയില്‍ സര്‍ഗ്ഗാലയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വഴി തുറക്കുകയാണെന്നും വിവിധ രാജ്യം വിവിധ ഭാഷ എന്നിവയ്ക്കിടയിലും കലയുടെ ഒരൊറ്റ സംസ്‌കാരം സര്‍ഗാലയ  രൂപപ്പെടുത്തുകയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ലോകം ഗ്രാമത്തിലേക്ക് എന്ന ആഗോളഗ്രാമ സങ്കല്പം സര്‍ഗ്ഗാലയ യാഥാര്‍ത്ഥ്യമാക്കിയതായി  ചടങ്ങില്‍ അധ്യക്ഷത വഹിച്ച  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  തിരുവനന്തപുരം കോവളം വെള്ളാറില്‍  സര്‍ഗ്ഗാലയ മാതൃകയില്‍ ക്രാഫ്റ്റ് വില്ലേജ്  പണി  പൂര്‍ത്തിയാക്കി വരികയാണ്.

ഉത്തരമലബാറിലെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യം അനുവദിക്കുന്നതിന് കേന്ദ്ര മന്ത്രിയില്‍ നിന്ന് തത്വത്തില്‍ അംഗീകാരം ലഭിച്ചതായി ചടങ്ങില്‍ സംസാരിച്ച കെ മുരളീധരന്‍ എം പി പറഞ്ഞു.

ജനുവരി ആറു വരെ നടക്കുന്ന മേളയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള, ദേശീയ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെ 500 ലധികം കലാകാരന്മാര്‍ പങ്കെടുക്കുന്നുണ്ട്.  കൂടാതെ ബംഗ്ലാദേശ്,  ബെലാറസ്, ഇറാന്‍ കിര്‍ഗ്ഗിസ്ഥാന്‍, മൗറീഷ്യസ്, നേപ്പാള്‍, തായ്ലന്‍ഡ് എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരും തങ്ങളുടെ കര വിരുതുമായി മേളയില്‍ എത്തുന്നുണ്ട്.

ഒന്‍പതാമത് സര്‍ഗ്ഗാലയ എക്‌സ്‌പോയുടെ ഭാഗമായി, കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട പൈതൃക കരകൗശല ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന സൈക്കിള്‍ യാത്ര ടൂര്‍ ഡി  കേരള ക്രാഫ്റ്റ്  സംസ്ഥാനത്തെ വിവിധ കരകൗശല ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ സമാപിച്ചു.