പ്രളയം കടന്ന് ശബരിമലയിൽ നിറപുത്തരിയെത്തിച്ചതിന്  പമ്പാവാലിയിലെ ബിനുവിനും ജോബിക്കും ദേവസ്വം ബോർഡിൽ ജോലിക്ക് നിയമനം നൽകി.

കണമല: കഴിഞ്ഞ മഹാപ്രളയത്തിൽ നിറപുത്തരി ചടങ്ങ് സന്നിധാനത്ത് നടന്നില്ലായിരുന്നെങ്കിൽ  മുടങ്ങുമായിരുന്നത് ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം. പക്ഷെ, അത്ഭുതം പ്രവർത്തിച്ചത് എരുമേലി പമ്പാവാലിയിലെ രണ്ട് യുവാക്കളിലൂടെയായിരുന്നു. അവർക്ക് അർഹതയുടെ അംഗീകാരമായി ജോലി നൽകാമെന്ന  വാക്ക് പാലിച്ചിരിക്കുകയാണ് ഇപ്പോൾ ദേവസ്വം ബോർഡ്. ബിനുവും ജോബിയും  ദേവസ്വം ബോർഡിൽ താൽക്കാലിക വാച്ചർ തസ്തികയിൽ ഇന്നലെ  ജോലിയിൽ പ്രവേശിച്ചു. കോടതിയുടെ അനുമതി കൂടി ലഭിച്ചാൽ സ്ഥിര നിയമനം നൽകാമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.

 കണമല ആറാട്ടുകയം പാലമൂട്ടിൽ പി എൻ ബിനുവും നാറാണംതോട് ഇടമണ്ണിൽ ജോബിയും ആണ് സ്വന്തം ജീവൻ അപകടത്തിലാകുന്ന മഹാപ്രളയത്തിലേക്ക് സാഹസികമായി കയറിൽ തൂങ്ങി നീന്തിക്കയറി സന്നിധാനത്ത് നിറപുത്തരി എത്തിച്ചത്. കഴിഞ്ഞുപോയ ആ മഹാ പ്രളയത്തിൽ നിറഞ്ഞൊഴുകിയ പമ്പയാർ അക്കരെ കടന്ന ഇവർക്ക് പിന്നെ നാട്ടിലെത്താൻ കഴിഞ്ഞത് ശബരിമല വനത്തിലൂടെ മഴയിലും വെള്ളത്തിലും നനഞ്ഞ് വിശപ്പ് സഹിച്ച്  ഇടുക്കി ജില്ലയിലെ പുല്ലുമേട് - സത്രം വഴി കിലോമീറ്ററുകളോളം നടനായിരുന്നു. നാട്ടിലെത്തിയ ബിനു കണ്ടത് നനഞ്ഞു കുതിർന്ന് ഇടിഞ്ഞുവീഴാറായ വീട്. ദീപിക വാർത്തയെ തുടർന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ്‌ ആണ്  സ്‌നേഹവീട് പദ്ധതിയിൽ അഞ്ച് ലക്ഷം ചെലവിട്ട് ബിനുവും ഭാര്യയും മക്കളും ഉൾപ്പെടുന്ന നിർധന കുടുംബത്തിന് വീട് നിർമിച്ചുനൽകിയത്. കൂലിപ്പണിക്കാരായ ബിനുവിനും ജോബിക്കും ജോലി നൽകാമെന്ന് ദേവസ്വം ബോർഡ് വാഗ്ദാനം നൽകിയിരുന്നു. ഈ വാഗ്ദാനം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. കഴിഞ്ഞ ദിവസം  ഇരുവരും തിരുവനന്തപുരത്ത് ദേവസ്വം ആസ്ഥാനത്തെത്തി നിയമന ഉത്തരവ് കൈപ്പറ്റിയിരുന്നു....