യുവപ്രതിഭകളെ വരവേല്‍ക്കാനൊരുങ്ങി കരിവെള്ളൂര്‍
യുവജനങ്ങളുടെ സര്‍ഗ്ഗാത്മകവും കായികവുമായ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (ഡിസംബര്‍ ആറ്) കരിവെള്ളൂരില്‍ നടക്കും. കരിവെള്ളൂര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 5.30 ന് വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെ പരിപാടികള്‍ ആരംഭിക്കും. സി കൃഷ്ണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ദേശീയ വനിതാ ബോക്‌സിങ്ങ് താരം കെ സി ലേഖ, സിനിമാ താരം സന്തോഷ് കീഴാറ്റൂര്‍ എന്നിവര്‍ ചേര്‍ന്ന് മേളയ്ക്ക് തിരിതെളിയിക്കും. കരിവെള്ളൂര്‍ മുരളി ചടങ്ങില്‍ മുഖ്യാതിഥിയാകും. സമാപന സമ്മേളനം ഡിസംബര്‍ എട്ടിന് വൈകീട്ട് 3.30 ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. 
ഡിസംബര്‍ മൂന്ന് മുതല്‍ എട്ട് വരെ നടക്കുന്ന ജില്ലാ കേരളോത്സവത്തില്‍ നഗരസഭ, ബ്ലോക്ക്തല വിജയികളായ ആറായിരത്തോളം പ്രതിഭകളാണ് പങ്കെടുക്കുന്നത്. ഉദ്ഘാടന പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ കരിവെള്ളൂരില്‍ പൂര്‍ത്തിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സ്വാഗത സംഘം ചെയര്‍മാനും പഞ്ചായത്ത് പ്രസിഡണ്ടുമായ എം രാഘവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലാമത്സരങ്ങള്‍ വെള്ളിയാഴ്ച ആരംഭിച്ച് എട്ടിന് അവസാനിക്കും. ആറിന് സ്‌റ്റേജിതര മത്സരങ്ങളും ഏഴ്, എട്ട് തീയതികളില്‍ നാല് വേദികളിലായി സ്റ്റേജ് മത്സരങ്ങളും നടക്കും. രാവിലെ ഒമ്പത് മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. തിരുവാതിര മത്സരം ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച വൈകീട്ട് 6.30 ന് നടക്കും. 
കേരളോത്സവത്തിന്റെ കായിക മത്സരങ്ങള്‍ മാങ്ങാട്ടുപറമ്പിലെ വിവിധ കേന്ദ്രങ്ങളിലും കൃഷ്ണമേനോന്‍ വനിതാ കോളേജിലുമായി നടന്നുവരികയാണ്. മികച്ച പങ്കാളിത്തമാണ് കായിക മത്സരങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആയിരത്തിലധികം പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗെയിംസ് ഇനത്തില്‍ മാത്രം പങ്കെടുത്തതായി ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ പറഞ്ഞു. കായിക മത്സരങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്ച (ഡിസംബര്‍ അഞ്ചിന്) രാവിലെ 10 മണിക്ക് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കുന്ന കെ എ പി ഗ്രൗണ്ടില്‍ നടക്കും. 
പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, അംഗം പി ജാനകി എന്നിവര്‍ സംബന്ധിച്ചു