പ്രകൃതി ദുരന്തങ്ങളെ തടയാനാവില്ലെങ്കിലും നമ്മുടെ ചില ശീലങ്ങള്‍ മാറ്റേണ്ടതുണ്ടെന്നും പ്രകൃതിക്ക് ക്ഷതം സംഭവിക്കാത്ത രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള മഹിള പ്രധാന്‍ ഏജന്റുമാരുടെയും എസ് എ എസ് ഏജന്റുമാരുടെയും സംഭാവന സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികള്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കുന്നത് ഭവന നിര്‍മ്മാണത്തിനാണ്. രണ്ടോ മൂന്നോ പേര്‍ക്ക് താമസിക്കാനാണ് വലിയ മന്ദിരങ്ങള്‍ പണിയുന്നത്. പ്രകൃതിയിലുള്ള കല്ല്, മണല്‍, മരങ്ങള്‍ എന്നിവയാണ് ഇതിനായി ദുരുപയോഗം ചെയ്യുന്നത്. വലിയ മണിമന്ദിരങ്ങള്‍ പണിത് മതില്‍ കെട്ടിയാല്‍ നമ്മള്‍ സുരക്ഷിതരായി എന്ന ചിന്തയാണ് കഴിഞ്ഞ പ്രളയത്തോടെ ഇല്ലാതായതെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ ഹെഡ്ക്വാട്ടേഴ്‌സ് ഏജന്റുമാരും ബ്ലോക്ക് ഏജന്റുമാരും സ്വരൂപിച്ച 3.47 ലക്ഷം രൂപ കലക്ടര്‍ ഏറ്റുവാങ്ങി. ദേശീയ സമ്പാദ്യ പദ്ധതി വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സലിഹ വരച്ച കലക്ടറുടെ ചിത്രവും ചടങ്ങില്‍ കൈമാറി. ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ സജീഷ് കുനിയില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ ദിനേഷ് കുമാര്‍, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് സി മോഹന്‍ദാസ്, മറ്റ് ഉദ്യോഗസ്ഥര്‍, ഏജന്റുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

0 Comments