പടന്നപ്പാലം-ചാലാട്-അലവില്‍ റോഡില്‍ അപകടക്കെണിയൊരുക്കി കരിങ്കല്ലുകള്‍
കണ്ണൂര്‍: പടന്നപ്പാലം-ചാലാട്-അലവില്‍ റോഡിലെത്തിയാല്‍ അധികൃതരുടെ അനാസ്ഥയ്ക്ക് വേറെ തെളിവുതേടേണ്ട. കല്ലുകള്‍കൊണ്ട് അപകടക്കെണിയൊരുക്കിയാണ് അധികൃതര്‍ ഇവിടെ യാത്രക്കാരെ വലയ്ക്കുന്നത്.
കുടിവെള്ള പൈപ്പിടാനായി ഇവിടെ റോഡ് നെടുകെ പിളര്‍ന്ന് കുഴിയെടുത്തിരുന്നു. ഇത് നികത്താനായി നിറച്ച കരിങ്കല്ലുകള്‍ ഇപ്പോള്‍ റോഡില്‍ ചിതറിക്കിടക്കുന്നതാണ് പ്രശ്നമായിരിക്കുന്നത്. ഇതുമൂലം ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായി.
വലിയ വാഹനങ്ങള്‍ പോകുമ്ബോള്‍ കല്ലുതെറിച്ച് കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നുമുണ്ട്. വ്യാപാരസ്ഥാപനങ്ങളിലേക്കും കടകളിലേക്കും കല്ലുതെറിക്കുകയുംചെയ്യുന്നു.
അമൃത് കുടിവെള്ളപദ്ധതിക്കുവേണ്ടിയാണ് ഇവിടെ മാസങ്ങള്‍ക്കുമുന്‍പ് റോഡ് കീറിയത്. പൈപ്പിട്ടശേഷം മണ്ണിട്ടുമൂടി. പിന്നീട് കരിങ്കല്ല് നിറയ്ക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ റോഡുനിറയെ ചിതറിക്കിടക്കുന്നത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് റോഡിന്റെ ടാറിട്ട ഭാഗത്തുതന്നെ നീളത്തില്‍ കുഴിയെടുത്തത്.
ശരിയായി മൂടാത്തതുകാരണം മഴക്കാലത്ത് റോഡരികില്‍ മണ്ണും ചെളിയും പടര്‍ന്നുകിടക്കുകയായിരുന്നു. പടന്നപ്പാലത്തും ചാലാട് ടൗണിലും ചെളിമൂലം വ്യാപാരസ്ഥാപനങ്ങളിലേക്ക് കയറാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ റോഡിന്റെ സ്ഥിതി അതിനേക്കാള്‍ കഷ്ടമായെന്നാണ് നാട്ടുകാര്‍ പറയുന്നത്.


0 Comments