കുണിയനില്‍ പുലിയെന്ന് അഭ്യൂഹം; കാട്ടുപൂച്ചയെന്ന് വനംവകുപ്പ്


കരിവെള്ളൂര്‍: കുണിയനില്‍ പുലിയിറങ്ങിയെന്ന് അഭ്യൂഹം. ബുധനാഴ്ച പുലര്‍ച്ചെയാണ് പുലിയെ കണ്ടതായി കുണിയന്‍ കിഴക്കെക്കരയിലെ വി.കെ.ആരിഫ് പറഞ്ഞത്. പയ്യന്നൂരില്‍നിന്ന് ഫുട്ബോള്‍ ടൂര്‍ണമെന്‍റ്്‌ കഴിഞ്ഞ് പുലര്‍ച്ചെ 3.30 ന് വീട്ടിലെത്തിയതായിരുന്നു ആരിഫ്. കുളികഴിഞ്ഞ് കിടക്കാന്‍ നോക്കുമ്ബോള്‍ നായ്കളുടെ കുര കേട്ടു. ലൈറ്റിട്ട് നോക്കിയപ്പോള്‍ തൊട്ടടുത്ത റോഡില്‍ പുലിനില്‍ക്കുന്നത് കണ്ടതായി ആരിഫ് പറഞ്ഞു. ഉടന്‍ തൊട്ടടുത്ത വീട്ടുകാരെ വിളിച്ചറിയിച്ചു. പുലി ഓടിരക്ഷപ്പെട്ടെങ്കിലും തൊട്ടടുത്ത പറമ്ബുകളിലെല്ലാം കല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ടായിരുന്നു. പുലിയിറങ്ങിയെന്ന് അഭ്യൂഹം പരന്നതോടെ നാട്ടുകാര്‍ ഭീതിയിലായി. പാല്‍, പത്ര വിതരണക്കാരും പ്രഭാതസവാരിക്കാരും പുലര്‍ച്ചെ പുറത്തിറങ്ങിയില്ല. പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ.ബാലഗോപാലന്‍, കരിവെള്ളൂര്‍ വില്ലേജ് ഓഫീസര്‍ പി.ഐ.രാജേഷ്, ഫോറസ്റ്റ്, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

കാല്‍പ്പാടുകള്‍ കാട്ടുപൂച്ചയുടേതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി പിലിക്കോട്ട്‌ പുലിയിറങ്ങിയതായി അഭ്യൂഹംപരന്നിരുന്നു. എന്നാല്‍ ഇത് കാട്ടുപൂച്ചയാണെന് പിന്നീട് സ്ഥിരീകരിച്ചു. ഇതേ കാട്ടുപൂച്ച തന്നെയാകാം നാല് കിലോമീറ്റര്‍ അകലെയുള്ള കുണിയനിലും എത്തിയതെന്ന് കരുതുന്നതായി അധികൃതര്‍ പറഞ്ഞു. അധികൃതര്‍ ബോധവത്കരണം നടത്തിയെങ്കിലും നാട്ടുകാരുടെ ഭീതി മാറിയിട്ടില്ല.