'കട്ടപ്പനയിലെ ഹൃത്വിക്‌ റോഷന്‌' കോതമംഗലംകാരി വധു





കോതമംഗലം: 'കട്ടപ്പനയിലെ ഹൃത്വിക്‌ റോഷന്‍' എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്‌ട നടനായ മാറിയ വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍ വിവാഹിതനാകുന്നു. കോതമംഗലം നെല്ലിക്കുഴി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റും സി.പി.ഐ. നേതാവുമായ ചെറുവട്ടൂര്‍ അത്തപ്പിള്ളില്‍ എ.ആര്‍. വിനയന്റേയും ശോഭയുടേയും ഏക മകള്‍ ഐശ്വര്യയാണ്‌ വധു.
എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദമുള്ള ഐശ്വര്യയും വിഷ്‌ണുവും തമ്മിലുള്ള വിവാഹം മാട്രിമോണിയല്‍ സൈറ്റിലൂടെ നിശ്‌ചയിച്ച്‌ ഉറപ്പിച്ചതാണ്‌. അടുത്ത ഫെബ്രുവരി രണ്ടിനു രാവിലെ 10 നു കോതമംഗലം കലാ ഓഡിറ്റോറിയത്തിലാണ്‌ വിവാഹം.
'അമര്‍ അക്‌ബര്‍ അന്തോണി' എന്ന സിനിമയുടെ തിരക്കഥാകൃത്തായി ബിബിന്‍ ജോര്‍ജിനൊപ്പമാണ്‌ വിഷ്‌ണു സിനിമാലോകത്തെത്തിയത്‌. പിന്നീട്‌ കട്ടപ്പനയിലെ ഹൃത്വിക്‌ റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സിനിമകള്‍ക്കു തിരക്കഥയെഴുതി. ഒട്ടേറെ സിനിമകളില്‍ അഭിനയിക്കുകയും ചെയ്‌തു. സിനിമയിലെത്തും മുമ്ബേ ചാനലുകളില്‍ നിരവധി കോമഡി ഷോകളുടെ രചിതാവായിരുന്നു. സ്‌കൂള്‍ പഠനകാലം മുതല്‍ മിമിക്രിയില്‍ സജീവമായിരുന്നു. എറണാകുളം കലൂര്‍ വെങ്ങോലപറമ്ബില്‍ ഉണ്ണിക്കൃഷ്‌ണന്റേയും ലീലയുടേയും മകനാണ്‌. ഇന്നലെ രാവിലെ നെല്ലിക്കുഴിയിലെ കെ.ടി.എല്‍. ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹനിശ്‌ചയച്ചടങ്ങില്‍ എം.എല്‍.എമാരായ ആന്റണി ജോണ്‍, എല്‍ദോ ഏബ്രഹാം എന്നിവരും സിനിമരംഗത്തെ അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു.