ആറളം ഫാം സ്കൂള്‍ ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്




ഇരിട്ടി: ആറളം ഫാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക് . പദ്ധതിക്ക് വേണ്ടി കെ.കെ.രാഗേഷ് എം.പി.യുടെ പ്രാദേശിക വികസനഫണ്ടില്‍നിന്നാണ് പണം അനുവദിക്കുന്നത്. 22 ഏക്കറില്‍ വന്‍ വിദ്യാഭ്യാസ പദ്ധതികളാണ് നടപ്പാക്കുന്നത്. മുദ്ര വിദ്യാഭ്യാസപദ്ധതിയുടെ മാതൃകയിലാണ് ആറളത്തും വികസനം നടപ്പാക്കുക.

ഏകദേശം 90 ശതമാനത്തിലധികം പട്ടികവര്‍ഗവിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിന്റെ രൂപരേഖ തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ.യൂസഫിന് നല്കി കെ.കെ.രാഗേഷ് എം.പി. പ്രകാശനം ചെയ്തു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.പി.ജയബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ നിര്‍മിതികേന്ദ്രം പ്രോജക്‌ട് എന്‍ജിനീയര്‍ ജയേഷ് പദ്ധതി വിശദീകരിച്ചു. ജനുവരിയില്‍ നിര്‍മാണം തുടങ്ങും. പദ്ധതിയുടെ നടത്തിപ്പിനായി കോര്‍ കമ്മിറ്റിക്കും രൂപം നല്കി.