ഉണക്കാനിട്ട ഉള്ളിക്കുമേല് വാഹനം കയറി; നഗരസഭ കൗണ്‍സിലര്‍ക്ക് മര്‍ദനം
തിരൂരങ്ങാടി (മലപ്പുറം): റോഡരികില്‍ ഉണക്കാനിട്ട ഉള്ളിക്ക് മേല്‍ വാഹനം കയറിയതിന് നഗരസഭ കൗണ്‍സിലര്‍ക്ക് മര്‍ദനം. തിരൂരങ്ങാടി നഗരസഭ കൗണ്‍സിലര്‍ മൊയ്തീന് എന്ന ഇമ്ബിച്ചിക്കാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ ചെമ്മാട് ടൗണിലാണ് സംഭവം. ഗതാഗതക്കുരുക്കുണ്ടായ സമയത്ത് കൗണ്‍സിലര്‍ തെന്റ കാര്‍ റോഡരികിലേക്ക് പാര്‍ക്ക് ചെയ്തതായിരുന്നു. എന്നാല്‍, വില കുതിച്ചുയര്‍ന്നിരിക്കുന്ന ഉള്ളിക്ക് പുറത്താണ് കാര്‍ കയറ്റി നിര്‍ത്തിയത്. ഓടിയെത്തിയ കടക്കാരനും മറ്റ് രണ്ടുപേരും ഇതോടെ കൗണ്‍സിലറെ മര്‍ദിക്കുകയായിരുന്നു. ചെമ്മാട്-പരപ്പനങ്ങാടി റോഡില്‍ കിസാന്‍ കേന്ദ്രത്തിന് സമീപത്തെ പച്ചക്കറി മൊത്തവില്പന കടക്കാരാണ് റോഡരികിലെ നടപ്പാതയില്‍ ഉള്ളി ഉണക്കാനിട്ടിരുന്നത്.
ഗതാഗതക്കുരുക്കിനിടെ കാര്‍ അരികിലേക്ക് പാര്‍ക്ക് ചെയ്തപ്പോള്‍ ഉള്ളി കിടക്കുന്നത് ശ്രദ്ധിച്ചില്ലെന്നും നഷ്ടപരിഹാരം തരാമെന്നറിയിച്ചിട്ടും അസഭ്യം പറഞ്ഞ് കടയിലെ രണ്ടുപേരും ഓട്ടോഡ്രൈവറും മര്‍ദിക്കുകയായിരുന്നെന്നും കൗണ്‍സിലര്‍ പറഞ്ഞു. ആളുകള്‍ തടിച്ചുകൂടിയതോടെ ബഹളമായി. പൊലീസെത്തി ശാന്തരാക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ കൗണ്‍സിലര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. മര്‍ദിച്ചവരെ കൗണ്‍സിലറുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്തു.


0 Comments