ആത്മകഥ സഭയിലെ പുരുഷാധിപത്യം തുറന്നുകാട്ടാന്‍: സിസ്‌റ്റര്‍ ലൂസി






കൊച്ചി:കത്തോലിക്കാ സഭയ്‌ക്കുള്ളില്‍ പീഡനം അനുഭവിക്കുന്ന കന്യാസ്‌ത്രീകളെ അംഗീകരിക്കാന്‍ സഭാ നേതൃത്വം മടികാണിച്ചതാണു സത്യങ്ങള്‍ തുറന്നുപറയാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു സിസ്‌റ്റര്‍ ലൂസി കളപ്പുര.
ബിഷപ്പ്‌ ഫ്രാങ്കോ പീഡിപ്പിച്ചെന്ന കേസില്‍ ഇരകളായ കന്യാസ്‌ത്രീകളെ അംഗീകരിക്കാന്‍ സഭ കൂട്ടാക്കിയില്ല. പകരം അവരെ കുറ്റപ്പെടുത്താനുള്ള ശ്രമമാണു നടന്നത്‌. കന്യാസ്‌ത്രീകളെ പിന്തുണച്ചുകൊണ്ട്‌ കൊച്ചിയില്‍ നടന്ന സമരത്തില്‍ പങ്കെടുത്തതോടെയാണു തനിക്കെതിരേ അധികാരികളില്‍നിന്ന്‌ എതിര്‍പ്പ്‌ ശക്‌തമായതെന്നും സിസ്‌റ്റര്‍ ലൂസി പറഞ്ഞു. ആത്മകഥയായ "കര്‍ത്താവിന്റെ നാമത്തില്‍" പ്രകാശനം ചെയ്‌ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
20 വര്‍ഷം മുമ്ബ്‌ സഭയുടെ ബാലഭവന്റെ സുപ്പീരിയര്‍ ആയി ചുമതലയേറ്റ സമയത്ത്‌ മേലധികാരികളില്‍നിന്ന്‌ മാനസിക പീഡനം അനുഭവപ്പെട്ടിരുന്നു. അന്നുമുതല്‍ അവ കുറിച്ചുവയ്‌ക്കാന്‍ തുടങ്ങി. ഇപ്പോള്‍ എഴുതിയ അനുഭവങ്ങള്‍ ആരോടും പ്രതികാരം തീര്‍ക്കാനല്ല. സഭയിലെ പുരുഷാധിപത്യം തുറന്നുകാട്ടാന്‍വേണ്ടിയാണ്‌. സ്‌ത്രീകള്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന സന്ദേശം എല്ലാവരിലും എത്തിക്കാന്‍ ജസ്‌റ്റിസ്‌ ഫോര്‍ സിസ്‌റ്റര്‍ ലൂസി എന്ന കാമ്ബയിനിലൂടെ ശ്രമം തുടരുമെന്ന്‌ അവര്‍ പറഞ്ഞു.
സ്വന്തം ജീവിതം പറയാനുള്ള അവകാശത്തെ എതിര്‍ക്കുന്നത്‌ ഫാസിസ്‌റ്റ്‌ മനോഭാവംകൊണ്ടാണെന്ന്‌ പുസ്‌തകം പ്രകാശനം ചെയ്‌തുകൊണ്ട്‌ നോവലിസ്‌റ്റ്‌ ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. സഭാ നേതൃത്വത്തിന്‌ അധികാരം കൂടുംതോറും ഭീതി വര്‍ധിക്കുകയാണ്‌.
സഭയിലെ ജീര്‍ണത സഭ തന്നെ അംഗീകരിക്കുന്ന അവസ്‌ഥയാണ്‌ ഇപ്പോഴെന്ന്‌ അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്‌ ക്ലബില്‍ നടന്ന ചടങ്ങില്‍ വിധു വിന്‍സന്റ്‌, അഡ്വ. എം.എസ്‌. സജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.