'സാന്താപ്പൂര'മൊരുക്കി പാപ്പാമാര്‍ നഗരം നിറഞ്ഞു


തൃശൂര്‍: സ്വരാജ്​ റൗണ്ടിനെ ചുവന്നുതുടുപ്പിച്ച്‌​ നഗരത്തില്‍ പതിനായിരത്തോളം ക്രിസ്​മസ്​ പാപ്പാമാരുടെ 'സാന്താപ്പൂരം'. ചുവന്ന തൊപ്പിയും ഉടുപ്പും ധരിച്ച്‌ 'ജിംഗിള്‍ ബെല്‍' താളത്തിനൊത്തു ചുവടു​െവച്ച്‌​ പാപ്പാമാര്‍ നഗരവീഥിയില്‍ നിറഞ്ഞൊഴുകി. ക്രിസ്മസിനോടനുബന്ധിച്ച്‌ തൃശൂര്‍ പൗരാവലിയും അതിരൂപതയും സംയുക്തമായി സംഘടിപ്പിച്ച ബോണ്‍ നതാലെ കരോള്‍ ഘോഷയാത്ര കാണാന്‍ ആയിരങ്ങളാണ് എത്തിയത്.

ചുവപ്പും വെളുപ്പും വേഷമണിഞ്ഞ രണ്ടായിരത്തോളം കു​ട്ടികള്‍ ഘോഷയാത്രയുടെ മുന്‍നിരയില്‍ പാട്ടിനൊത്ത് ചുവടുവെച്ചു. റോളര്‍ സ്കേറ്റിങ്ങിലൂടെ അവര്‍ ഒഴുകിപ്പടര്‍ന്നത്​ കൗതുകക്കാഴ്ചയായി. 2500ഓളം ഫാന്‍സി ഡ്രസ് വേഷധാരികളും നിരന്നു.

ഇവര്‍ക്കു പിറകില്‍ കൂര്‍ത്ത തൊപ്പിയും വെളുത്ത താടിയുമായി സാന്താക്ലോസുമാര്‍ എത്തി. പൊയ്ക്കാലിലും വീല്‍ചെയറിലുമെല്ലാം അവര്‍ റോഡുനിറഞ്ഞു. പാപ്പാവേഷമിട്ട്​ ബൈക്കുകളിലെത്തിയ യുവാക്കളും ഫ്ലാഷ്മോബും ഘോഷയാത്രക്ക്​ ഹരം പകര്‍ന്നു.


2013 മുതല്‍ നടത്തുന്ന ബോണ്‍ നതാലെ 2014ലാണ് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച്‌​ ലോകശ്രദ്ധയാകര്‍ഷിച്ചത്. 'മെറി ക്രിസ്മസ്' എന്നതി‍​​െന്‍റ ഇറ്റാലിയന്‍ പദമാണ് 'ബോണ്‍ നതാലെ'. ലോകത്ത് തന്നെ ഇത്ര ക്രിസ്മസ് പാപ്പാമാര്‍ പങ്കെടുക്കുന്ന മറ്റൊരു ആഘോഷമില്ല എന്നതാണ് ഇതി‍​​െന്‍റ പ്രത്യേകത.