ഉദ്യോഗസ്ഥന്റെ പല്ല് തെറിപ്പിച്ചപൊലീസുകാരന് സസ്പെന്‍ഷന്‍
ചേര്‍ത്തല:പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പി.എസ്.സി ഉദ്യോഗസ്ഥനെ വാഹനപരിശോധനയ്ക്കിടെ ഇടിച്ച് പല്ലു തെറിപ്പിച്ച പൊലീസ് ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍.ആലപ്പുഴ എ.ആര്‍.ക്യാമ്ബിലെ ഡ്രൈവര്‍ സുധീഷിനെയാണ് പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ 14നു വൈകിട്ട് ചേര്‍ത്തല പൂത്തോട്ടപ്പാലത്തിന് പടിഞ്ഞാറുവശം വളവിലെ വാഹന പരിശോധനയില്‍ സുധീഷിനൊപ്പമുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ.ബാബു, പൂച്ചാക്കല്‍ സ്റ്റേഷനിലെ സി.പി.ഒ തോമസ് എന്നിവര്‍ക്കെതിരെ അന്വേഷണത്തിനും ഉത്തരവായി. തിരുവനന്തപുരം പി.എസ്.സി ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചേര്‍ത്തല ഇല്ലിക്കല്‍ രമേഷ് എസ്. കമ്മത്താണ് (52) പരാതി നല്‍കിയത്.
എറണാകുളത്ത് പി.എസ്.സി പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞു വരികയായിരുന്ന തന്നെ റോഡിലെ വളവില്‍ ഇരുട്ടില്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതായാണ് പരാതി. ബൈക്ക് നിര്‍ത്തിയപ്പോള്‍, മദ്യപിച്ചിട്ടുണ്ടോ എന്ന് പൊലീസുകാര്‍ ചോദിച്ചെന്നും, മദ്യപിച്ചിട്ടില്ലെന്നു മനസിലായതോടെ ആദ്യം വിട്ടയച്ചെന്നും രമേഷ് പറയുന്നുണ്ട്. എന്നാല്‍ രമേഷ് ബൈക്ക് അല്‍പ്പം മാറ്റി നിര്‍ത്തിയ ശേഷം, വളവിലും ഇരുട്ടിലും വാഹന പരിശോധന പാടില്ലെന്ന് ഡി.ജി.പിയുടെ സര്‍ക്കുലര്‍ ഇല്ലേയെന്ന് ചോദിച്ചു. പൊലീസ് വാഹനത്തിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്നതിനെ തുടര്‍ന്ന് തന്നെ പൊലീസ് വാഹനത്തിലേക്കു കയറ്റാന്‍ ശ്രമിക്കുകയും തലയ്ക്കും കണ്ണിനും ഇടിച്ചു പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദനത്തിനിടെ പല്ല് നഷ്ടപ്പെട്ടെന്നും രമേഷ് പരാതിപ്പെടുന്നു.
ജോലിക്കു തടസം സൃഷ്ടിച്ചെന്ന കുറ്റം ചുമത്തി രമേഷിനെതിരെ പൊലീസ് കേസെടുത്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ ഇടപെട്ടാണ് ഡി.ജിപിക്ക് പരാതി നല്‍കിയത്.


0 Comments