അനധികൃത പാർക്കിങ്ങിനെതിരെ നഗരസഭയും പോലീസും തയാറെടുക്കുന്നു - ഇരിട്ടി ടൗണിൽ ഗതാഗത പരിഷ്കരണം 20 മുതൽ


ഇരിട്ടി: ഇരിട്ടി ടൗൺ വികസനത്തിന്റെ ഭാഗമായി നടത്തിയ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാകത്തക്ക രീതിയിലുള്ള സമഗ്ര ഗതാഗത പരിഷ്‌കാരങ്ങളുമായി ഇരിട്ടി നഗരസഭയും പോലീസും രംഗത്തെത്തുന്നു.  ഇതിന്റെ ഭാഗമായി വ്യാഴാഴ്ച്ച ഇരിട്ടി സി.ഐ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ തൊഴിലാളി സംഘടന നേതാക്കളും വ്യാപാരികളും മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടുള്ള പരിഷ്‌ക്കാരമാണ് ടൗണിൽ നടപ്പിലാക്കുന്നത്.
 വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി നരഗം വീതി കൂട്ടി വികസിപ്പിച്ചതോടെ അടക്കും ചിട്ടയോടും കൂടിയുള്ള ഗതഗത സംവിധാനം നടപ്പാക്കാനാണ്  ശ്രമം നടക്കുന്നത് . ടൗണിലെ കൈയേറ്റ ഭാഗങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിയാണ് നഗരത്തിലെ  റോഡ്‌വികസിപ്പിച്ചത്. ഇതിന്റെ പ്രയോജനം യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ലഭിക്കണം എന്ന കണ്ടെത്തലുകളോട് കൂടിയുള്ള ഗതഗത സംവിധാനമാണ് നടപ്പിലാക്കുക .
പരിഷ്കരണത്തിന്റെ ഭാഗമായി നഗരത്തിലെ മുഴുവന്‍ ഓട്ടോറിക്ഷകള്‍ക്കും നമ്പര്‍ നല്‍കും. ഇവര്‍ക്കായി നിശ്ചയിച്ച പാര്‍ക്കിംങ്ങ് കേന്ദ്രങ്ങളില്‍ മാത്രമെ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കു. ജനവുവരി ആദ്യവാരത്തോടുകൂടി ഇത് പൂര്‍ത്തിയാക്കും. നഗരത്തിലെ എല്ലായിടങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിക്കും. ഇതിനായി ഇരിട്ടി പാലം മുതല്‍ പയഞ്ചേരി വരെ സ്വകാര്യ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംങ്ങ് ഏരിയ നിശ്ചയിക്കും. ഒരു മണിക്കൂറില്‍ കൂടുതല്‍ പാര്‍ക്ക് ചേയ്യേണ്ടി വരുന്ന വാഹനങ്ങളെ പേ പാര്‍ക്കിംങ്ങ് മേഖലയിലേക്ക് മാറ്റും. വ്യാപാരികള്‍ അവരുടെ വാഹനങ്ങള്‍ അവരുടെ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്യുന്ന സംവിധാനം ഇല്ലാതാക്കും. വണ്‍വെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള പാര്‍ക്കിംങ്ങ് നിരോധിക്കും. പുതിയ സ്റ്റാന്റില്‍ ബസ്സ് ഒഴികെ മറ്റ് വാഹനങ്ങള്‍ കയറുന്നത് നിരോധിക്കും. സ്റ്റാന്റില്‍ പോലീസിന്റെ സേവനവും ഉറപ്പു വരുത്തും. ബസ് സ്റ്റാന്റില്‍ നിന്നും വിട്ടാല്‍ പഴയ സ്റ്റാന്റില്‍ എത്തി മാത്രമെ യാത്രക്കാരെ കയറ്റാൻ പാടുള്ളൂ . നഗരത്തിലെ അനധികൃത സ്റ്റാളുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യും. മൊബൈല്‍ തട്ടുകടകള്‍ മാത്രമെ നഗരത്തില്‍ അനുവദിക്കാവുയെന്നാവശ്യവും യോഗത്തില്‍ ഉണ്ടായി.
  വന്‍ ഗതഗതക്കുരുക്കിന് കാരണമാകുന്ന പഴയ സ്റ്റാന്റിലെ സ്വകാര്യ ബസ്സുകളുടെ പാര്‍ക്കിംങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തും . പുതിയ സ്റ്റാന്റില്‍ നിന്നും വിട്ടാല്‍  പരമാവധി രണ്ട് മിനുട്ട് മാത്രമേ പഴയ സ്റ്റാന്റില്‍ നിര്‍ത്തി ആളെകയറ്റാന്‍ അനുവദിക്കു. പുതിയ സ്റ്റാന്റ് മുതല്‍ പഴയ സ്റ്റാന്റ് വരെ നിര്‍ത്തി നിര്‍ത്തി യാത്രക്കാരെ കയറ്റുന്ന രീതി ബസുകള്‍ അവസാനിപ്പിക്കണമെന്നാവശ്യവും യോഗത്തില്‍ ഉണ്ടായി. ബസ് ഉടമ സംഘം ഭാരവാഹികള്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടാക്കാനും തീരുമാനിച്ചു.
 പയഞ്ചേരി ജംങ്ഷനില്‍ ഗതഗത സംതംഭനത്തിന് പരിഹാരമായി നിലവില്‍ ബസ്സ് നിര്‍ത്തുന്ന സ്ഥലം മാറ്റി മുന്നോട്ട് ആക്കും. പേരാവൂര്‍ റോഡിലെ  സ്‌റ്റോപ്പിലും മാറ്റം വരുത്തും . നടപാത പൂര്‍ണ്ണമായും കാല്‍നടയാത്രക്കാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള നടപടികള്‍ നഗരസഭയും വ്യാപാരി സംഘടനാ നേതാക്കളും പരിശോധിക്കും. നടപ്പാതയിലേക്ക് സാധനങ്ങള്‍ ഇറക്കിവെക്കാന്‍ അനുവദിക്കില്ല. നടപ്പാതയിലെ പ്രവേശന കവാടത്തിന് മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ അനുവദിക്കില്ല. ബൈക്കുകള്‍ക്ക് മാത്രമായി പ്രത്യേക പാര്‍ക്കിംങ്ങ് കേന്ദ്രം വേണമെന്ന ആവശ്യം പരിഗണിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍ പറഞ്ഞു. ചെയര്‍മാന് പുറമെ ഇരിട്ടി എസ്.ഐ. ദിനേശന്‍ കൊതേരി, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി. ശ്രീജേഷ് വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.