ഇരിട്ടി മേഖലയിൽ വലയ സൂര്യഗ്രഹണം നിരീക്ഷിച്ചത് ആയിരങ്ങൾ



ഇരിട്ടി. ശാസ്ത്രം കൗതുകത്തോടെ ഉറ്റു നോക്കുന്ന വലയ സൂര്യഗ്രഹണം മേഖലയിൽ ആയിരങ്ങൾ നിരീക്ഷിച്ചു. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ ദിശയിൽ എത്തുന്നതിന്റെ ഗ്രഹണ ദൃശ്യം ഏറ്റവും വ്യക്തമായി ദർശിക്കാവുന്ന ഇടങ്ങളുടെ പട്ടികയിൽ ഇരിട്ടി മേഖലയും ഉൾപ്പെട്ടതായി അറിഞ്ഞപ്പോൾ തന്നെ വിവിധ കേന്ദ്രങ്ങളിൽ  വിവിധ  പ്രസ്ഥാനങ്ങളുടെയും സംഘടനയുടെയും  നേതൃത്വത്തിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
പെരുമ്പറമ്പ് വയലിൽ ഗ്രന്ഥശാലാ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നിരീക്ഷണ കേന്ദ്രം ക്രമീകരിച്ചത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എത്തി. ശാസ്ത്ര ലേഖകൻ വിജയകുമാർ ബ്ലാത്തൂർ ദൃശ്യം സംബന്ധിച്ച് വിശദീകരണം നൽകി. രഞ്ചിത്ത് കമൽ, പ്രസാദ് ചൈതന്യ, എം.ശ്രീനേഷ്, എ.കെ.രവീന്ദ്രൻ, ഷിനോജ് വട്ടപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
കോളിക്കടവ് ഡോൺ ബോസ്‌കോ സ്‌കൂളിൽ തലേദിവസം വൈകിട്ട് കുട്ടികളുടെ സഹവാസ ക്യാംപോടെയായിരുന്നു തുടക്കം. വലയ സൂര്യഗ്രഹണം സംബന്ധിച്ച് ക്ലാസുകൾ നൽകി. ഇന്നലെ രാവിലെ നാരായണിതട്ടിലേക്ക് കൊണ്ടുപോയി. കുന്നിൻമുകളിലെ നിരീക്ഷണ കേന്ദ്രത്തിൽ വ്യക്തതയോടെയായിരുന്നു കുട്ടികൾ ശാസ്ത്രവിസ്മയം ദർശിച്ചത്. പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ, പി.വി.ബിനോയി, പി.ആർ.അശോകൻ, അഷ്‌നഫ്, കെ.വി.അനുഷ, വിനോദ്കുമാർ, ഷിജു.സി.വട്ട്യറ, വി.കെ.പുരുഷോത്തമൻ, എം.സുമേഷ്, ബാബു കാറ്റാടി എന്നിവർ നേതൃത്വം നൽകി.
പായം ഗവ.യുപി സ്‌കൂളിലെ നിരീക്ഷണ കേന്ദ്രത്തിൽ അധ്യാപകരും കുട്ടികളും ഒരുമിച്ചാണ് ഗ്രഹണം കണ്ടത്. പ്രധാന അധ്യാപകൻ സി.ചന്ദ്രൻ, പി.ടി.രജീഷ്, എം.കെ.ദിവ്യ, കെ.ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നൻമ പബ്ലിക് ലൈബ്രറി, ശാസ്ത്ര സാഹിത്യ പരിഷത്ത്, നന്മ ചാരിറ്റബിൾ സൊസൈറ്റി, ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂൾ  സോഷ്യൽ, സയൻസ് ക്ലബ്ബുകൾ എന്നിവയുടെ  നേതൃത്വത്തിൽ ഒരുക്കിയ വലയ സൂര്യഗ്രഹണ നിരീക്ഷണ ക്യാംപിലേക്ക് പൊതുജനങ്ങളടക്കം നിരവധിപേരാണ് എത്തിയത്.  പി.ആർ. അശോകൻ ഉദ്ഘാടനം  ചെയ്തു.
നന്മ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ.സുരേശൻ  അധ്യക്ഷത വഹിച്ചു. ഹരീന്ദ്രൻ പുതുശ്ശേരി, എം.ബാബു, ബെൻസി രാജ്, സുജേഷ് ബാബു, സന്തോഷ് കോയിറ്റി, കെ.മോഹനൻ, പി.റീന, പി.ധനേഷ്, പി.വി.പ്രേമവല്ലി, പി.എം.ദിവാകരൻ, മനോജ് അത്തിതട്ട്, സുമ സുധാകരൻ, ബാബു.സി.കീഴൂർ, എം.ഷൺമുഖം, എം.രാജൻ, സി.സുഗതൻ എന്നിവർ നേതൃത്വം നൽകി.