നോര്‍ക്ക പോസ്റ്റ് ഫെസിലിറ്റേഷന്‍ മീറ്റ് ഇന്ന്



തിരുവനന്തപുരം: പ്രവാസി കേരളീയരുടെ നിക്ഷപ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) സഹായത്താല്‍ കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിച്ചവരുടെ യോഗം എന്‍ബി.എഫ്.സി പോസ്റ്റ് ഫെസിലിറ്റേഷന്‍ മീറ്റ്-2019 ഇന്ന് ഉച്ചയ്ക്ക് 2.30 ന് മസ്‌ക്കറ്റ് ഹോട്ടലിലെ സോണാറ്റ ഹാളില്‍ നടക്കും. തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

കേരളത്തില്‍ നിക്ഷേപത്തിനുള്ള അവസരങ്ങള്‍ പഠിച്ച്‌ അവ മുന്‍ഗണനാക്രമത്തില്‍ പ്രവാസികളായ കേരളീയ സംരംഭകരുടെ മുന്നിലെത്തിച്ച്‌ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നോര്‍ക്ക റൂട്ട്‌സിന്റെ കീഴില്‍ ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ രൂപീകരിച്ചിരിക്കുന്നത്. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ മുഖേന 2019-20 സാമ്ബത്തിക വര്‍ഷത്തില്‍ ഇതുവരെ 30 സംരംഭങ്ങളിലായി ഏകദേശം 100 കോടി രൂപയുടെ നിക്ഷേപം സാദ്ധ്യമായി. സംരംഭകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് ഫെസിലിറ്റേഷന്‍ ചടങ്ങില്‍ വിതരണം ചെയ്യും. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രോജക്‌ട് ഹെഡ് ജെ.റാം കേരളത്തിലെ ബിസിനസ്സ് അവസരങ്ങള്‍ സദസിന് പരിചയപ്പെടുത്തും.

നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്ബൂതിരി, നോര്‍ക്ക വകുപ്പ് ജോയിന്റ് സെക്രട്ടറി കെ. ജനാര്‍ദ്ദനന്‍, നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ഡി.ജഗദീശ്, എന്‍.ബി.എഫ്.സി ബിസിനസ്സ് ഡെവലപ്പ്‌മെന്റ് മാനേജര്‍ വി.എല്‍ മഹേഷ് സുന്ദര്‍, വ്യവസായ/ ബാങ്കിംഗ് മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.