കൂടത്തായി കൊലപാതക പരമ്പര : പ്രത്യേക കോടതി പരിഗണനയില്‍ , ഹൈക്കോടതിയുടെ അനുമതി തേടും
കൊച്ചി : കൂടത്തായി കൊലപാതക പരമ്പരക്കേസിന്റെ വിചാരണയ്‌ക്കായി പ്രത്യേക കോടതി സ്‌ഥാപിക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍. ആറു കേസുള്ളതിനാല്‍ വിചാരണ പൂര്‍ത്തിയാകാന്‍ കാലതാമസമെടുക്കും എന്നതിനാലാണിത്. മന്ത്രിസഭായോഗം തീരുമാനമെടുത്തശേഷം ഹൈക്കോടതിയുടെ അനുമതി തേടേണ്ടതുണ്ട്.
കേസില്‍ ഫോറന്‍സിക് ഉള്‍പ്പെടെ നിരവധി പരിശോധന റിപ്പോര്‍ട്ടുകള്‍ പരിഗണിക്കേണ്ടതുണ്ട്. നിരവധി സാക്ഷികളെയും വിസ്‌തരിക്കണം. സയനൈഡ് നല്‍കി കുടുംബത്തിലെ ആറുപേരെ വകവരുത്തിയതു അപൂര്‍വ സംഭവമായി കണക്കാക്കാമെന്നാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍. യുവതിയും പിഞ്ചുകുഞ്ഞുമുള്‍പ്പെടെയാണു കൊല്ലപ്പെട്ടത്. മുഖ്യപ്രതിയാകട്ടെ യുവതിയായ വീട്ടമ്മയും.
കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നു പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറല്‍ സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയിരുന്നു. അന്വേഷണ സംഘത്തലവനും കോഴിക്കോട് റൂറല്‍ എസ്.പിയുമായ കെ.ജി. സൈമണ്‍ നല്‍കിയ പാനലില്‍ അഡ്വ. എന്‍.കെ. ഉണ്ണിക്കൃഷ്‌ണന്റെ പേരു മാത്രമാണുള്ളതെങ്കിലും നിയമനമായിട്ടില്ല. നിയമനമാഗ്രഹിക്കുന്ന ചില അഭിഭാഷകരാണു ഉത്തരവു വൈകിപ്പിക്കുന്നതിനു പിന്നിലെന്നാണ് ആക്ഷേപം.
അന്വേഷണസംഘം ശേഖരിച്ച തെളിവുകള്‍ പലതും ശാസ്‌ത്രീയ പരിശോധനാ ഫലങ്ങളായതിനാല്‍ അവയുടെ സ്വീകാര്യത കോടതി വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം ആദ്യകുറ്റപത്രം തയാറാക്കിയത്. മറ്റുകേസുകളിലും നിവരധി സാക്ഷികളുണ്ടാകും.
പ്രത്യേക കോടതിയില്ലെങ്കില്‍ വിചാരണ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കും. അത്രയുംകാലം പ്രതികള്‍ വിചാരണ തടവുകാരായി തുടരേണ്ടിവരും. കൂടത്തായി കൊലപാതക പരമ്ബരയിലെ ആദ്യ കുറ്റപത്രം താമരശേരി ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഇന്നു സമര്‍പ്പിക്കും.
ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ ജോളിയെ അറസ്‌റ്റ് ചെയ്‌ത് 90 ദിവസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. ജോളി ഉള്‍പ്പെടെ നാലു പ്രതികളാണ് റോയ് വധക്കേസിലുളളത്. റോയ് തോമസിന്റെ ബന്ധു എം.എസ് മാത്യു രണ്ടും താമരശേരിയിലെ സ്വര്‍ണപ്പണിക്കാരനായ പ്രജികുമാര്‍ മൂന്നും സി.പി.എം മുന്‍ പ്രാദേശിക നേതാവ് മനോജ് നാലും പ്രതിയാണ്.


0 Comments