ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം; 5 മെട്രോ സ്റ്റേഷനുകള്‍ അടച്ചു; ഗതാഗത നിരോധനം



പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സീലംപുരിനും ജാഫ്രാബാദിലും പ്രതിഷേധക്കാര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ടിന് ആരംഭിച്ച പ്രതിഷേധം പെട്ടെന്ന് സംഘര്‍ഷത്തിലേയ്ക്ക് വഴി മാറുകയായിരുന്നു. ഡൽഹിയിലെ അഞ്ച് മെട്രോ സ്റ്റേഷനുകൾ അടച്ചു. മേഖലയിൽ ഗതാഗത നിരോധനവും എർപ്പെടുത്തി.

അതേസമയം ജാമിയ, അലിഗഢ് ക്യാംപസുകളിലെ പൊലീസ് നടപടിയില്‍ സുപ്രീംകോടതി ഇടപെടില്ല. ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതികളെ സമീപിക്കാമെന്ന് സുപ്രീംകോടതി. ജാമിയ, അലിഗഡ് തുടങ്ങിയവയിലെ പൊലീസ് നടപടിക്കെതിരെയായിരുന്നു ഹര്‍ജികള്‍. ഹൈക്കോടതികള്‍ക്ക് അന്വേഷണത്തിന് ഉചിതമായ കമ്മിറ്റികളെ നിയോഗിക്കാം. വിദ്യാര്‍ഥികളുടെ അറസ്റ്റിലും ഹൈക്കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാം.

വിദ്യാര്‍ഥിപ്രക്ഷോഭത്തിനുപിന്നില്‍ അര്‍ബന്‍ നക്സലുകളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമഭേദഗതിയെ എതിര്‍ക്കുന്നവര്‍ ഗറില്ലാ രാഷ്ട്രീയം അവസാനിപ്പിക്കണം. സര്‍ക്കാരിന്റെ നയങ്ങളില്‍ ചര്‍ച്ച നടത്താന്‍ വിദ്യാര്‍ഥികള്‍ തയാറാകണം.

ജനാധിപത്യപരമായി പ്രതിഷേധിക്കണം. സര്‍ക്കാര്‍ വിദ്യാര്‍ഥികളെ കേള്‍ക്കാന്‍ തയാറാണെന്നും മോദി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ കോണ്‍ഗ്രസ് വോട്ടുബാങ്കാക്കിവച്ചു. കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയത് നുഴഞ്ഞുകയറ്റക്കാരെ ഉപയോഗിച്ചാണെന്നും മോദി കുറ്റപ്പെടുത്തി. ദേശീയപൗരത്വറജിസ്റ്ററിനെക്കുറിച്ചുള്ള ഭീതിയില്‍ ബംഗാളില്‍ മുപ്പതുപേര്‍ ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി; ഇതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്നും മമത.