പരിമിത സൗകര്യത്തിലും പേരാവൂർ താലൂക്കാസ്പത്രിയിൽ ആദിവാസി യുവതിക്ക് സുഖപ്രസവം:
പേരാവൂർ : ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആത്മാർത്ഥമായ സേവനത്താൽ അത്യാസന്ന നിലയിലായ ആദിവാസി യുവതിക്ക് പരിമിതമായ സൗകര്യങ്ങൾക്കിടയിലും പേരാവൂർ താലൂക്ക് ആസ്പത്രിയിൽ സുഖപ്രസവം.
പ്രസവത്തിന് ഏതാനും ദിവസങ്ങൾ ശേഷിക്കെ, അഡ്മിറ്റാവാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും വീട്ടിൽ തന്നെ കഴിഞ്ഞ യുവതിയെ വെള്ളിയാഴ്ച്ച രാത്രിയിൽ പ്രസവവേദന വന്നതിനാലും രക്തസമ്മർദ്ദം കൂടിയ നിലയിലുമാണ് ആറളം ഫാമിൽ നിന്ന് പേരാവൂർ താലൂക്കാസ്പത്രിയിൽ എത്തിച്ചത്.
അത്യാസന്ന നിലയിൽ ആസ്പത്രിയിൽ എത്തിച്ചപ്പോൾ രക്തസമ്മർദ്ദം കൂടി അപസ്മാരം വരുന്ന നിലയിലായിരുന്നു.ഐ.സി.യു സംവിധാനം ഇല്ലാതിരുന്നിട്ടും ഡോക്ടർമാരായ ഡോ. ഷഫീർ ബാബു , ഡോ.സബിൻഷാ, ഡോ.രചന എന്നിവരും സ്റ്റാഫ് നഴ്സുമാരായ ജിഷ, പ്രജിന എന്നിവരും മറ്റു ജീവനക്കാരും കൃത്യമായ കരുതലിലൂടെ സുഖ പ്രസവത്തിന് യുവതിയെ പ്രാപ്തമാക്കുകയും കുട്ടിയുടെയും അമ്മയുടെയും ജീവൻ രക്ഷിക്കുകയും ചെയ്തു.
ആറളം വെള്ളർവയൽ കോളനിയിലെ സുധീഷിന്റെ ഭാര്യ വർഷയാണ് (23) വെളളിയാഴ്ച രാത്രി 8.30 ഓടെ പെൺകുട്ടിക്ക് ജന്മം നല്കിയത്.


0 Comments