മരടിലെ അനധികൃത നിര്‍മാണം;മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്
മരടില്‍ അനധികൃത ഫ്ലാറ്റ് നിര്‍മാണക്കേസില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ദേവസിക്കെതിരെ കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്. സി.പി.എം നേതാവ് കൂടിയായ ദേവസിക്കെതിരെ വിവരങ്ങള്‍ നല്‍കിയ രണ്ട് പഞ്ചായത്ത് അംഗങ്ങളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. മിനുട്സില്‍ തിരുത്ത് വരുത്തിയതും എഴുതിച്ചേര്‍ത്തതും ദേവസിയുടെ അറിവോടു കൂടിയാണെന്ന് മൊഴിയില്‍ ഇവര്‍ വ്യക്തമാക്കി.
തീരപരിപാലന നിയമം ലംഘിച്ച് മരടില്‍ ഫ്ലാറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുന്നിതിനിടെയാണ് പഞ്ചായത്ത് അംഗങ്ങളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. രണ്ടുപേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തി.ചോദ്യങ്ങളിലേറെയും വിവാദമായ മിനുട്സിനെ സംബന്ധിച്ചായിരുന്നു. മിനുട്സില്‍ തിരുത്ത് വരുത്തി, കൂട്ടി ചേര്‍ത്തു. ഇതെല്ലാം പുറത്തറിയാതിരിക്കാന്‍ പ്രസിഡന്റ് ദേവസി ഇടപെട്ട് മിനുറ്റ്സ് പൂഴ്ത്തി എന്ന് പഞ്ചായത്തംഗങ്ങള്‍ രഹസ്യമൊഴിയില്‍ വ്യക്തമാക്കി.


0 Comments