ഈ ബോര്‍ഡ് വിശ്വസിച്ചാല്‍ വഴിതെറ്റി അലയേണ്ടിവരും




നടുവില്‍: വഴികാട്ടാന്‍ സ്ഥാപിച്ച ബോര്‍ഡ് നോക്കി യാത്രചെയ്താല്‍ ഉദ്ദേശിച്ച സ്ഥലത്ത് എത്തില്ല. ചില ദിശാസൂചക ബോര്‍ഡുകളെ വിശ്വസിച്ചാല്‍ വഴിതെറ്റി അലയേണ്ടിയും വരും. പണി പൂര്‍ത്തിയായ മലയോര ഹൈവേയിലുള്ള ദിശാബോര്‍ഡ് ഇപ്പോള്‍ അത്തരത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്.
നടുവില്‍ സഹകരണ ബാങ്കിന്‌ മുന്നിലുള്ള ബോര്‍ഡില്‍ ശ്രീകണ്ഠപുരം വലത്തോട്ടാണ് കാണിച്ചിട്ടുള്ളത്. കുടിയാന്മലയും ചെമ്ബേരിയും നേരെയും. ബോര്‍ഡ് കഴിഞ്ഞ് വലതുഭാഗത്ത് ആദ്യം പഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന റോഡാണ്.

നടുവില്‍ ടൗണില്‍നിന്ന്‌ നേരെ പോകുന്ന റോഡ് എത്തിച്ചേരുന്നത് ശ്രീകണ്ഠപുരത്തേക്കാണ്. ഇടത്തോട്ട് പോകുന്ന റോഡാണ് കുടിയാന്മലയിലേക്കും ചെമ്ബേരിയിലേക്കും എത്തുന്നത്. ബോര്‍ഡ് കൃത്യമായ സ്ഥലത്ത് വെക്കാത്തതാണ് കുഴപ്പമായത്. രാത്രിയാത്രക്കാരും മറ്റും ഇതുമൂലം ബുദ്ധിമുട്ടാനിടയുണ്ട്. കുടിയാന്മലയിലേക്കും ശ്രീകണ്ഠപുരത്തേക്കും തെറ്റുന്ന ഭാഗത്ത് കുടിയാന്മല റോഡില്‍ സ്ഥാപിക്കുന്നതിനുപകരം 200 മീറ്റര്‍ മാറിയാണ് ബോര്‍ഡ് വെച്ചത്. ടൗണില്‍ ബോര്‍ഡ് വെക്കാന്‍ സ്ഥലമില്ലാത്തതും അധികൃതരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. താവുന്ന് കവലയില്‍ സ്ഥാപിച്ച ബോര്‍ഡില്‍ സ്ഥലപ്പേര് തെറ്റായാണ് കൊടുത്തിട്ടുള്ളത്.