തലശ്ശേരിയില്‍ പുതിയ കടല്‍പ്പാലത്തിന് സാധ്യതാപഠനം നടത്തും
തലശ്ശേരി: തലശ്ശേരി കടല്‍പ്പാലത്തിന്റെ നവീകരണം സാധ്യമല്ലെന്ന് എന്‍.ഐ.ടി. നടത്തിയ പഠനത്തില്‍ കണ്ടെത്തി. പുതിയ പാലത്തിന്റെ നിര്‍മാണ സാധ്യതകള്‍ പരിശോധിക്കാന്‍ തുറമുഖവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി കടല്‍പ്പാലം നവീകരിക്കുന്നതിനെ കുറിച്ച് രണ്ടുമാസം മുന്‍പാണ് എന്‍.ഐ.എ. പഠനം നടത്തിയത്. പഴയപാലം സംരക്ഷിച്ചുനിര്‍ത്തുകയല്ലാതെ നവീകരണം സാധ്യമല്ല. ഇതോടെയാണ് പുതിയ പാലത്തിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെത്തിയതെന്ന് കൂടെയുണ്ടായിരുന്ന എ.എന്‍.ഷംസീര്‍ എം.എല്‍.എ. പറഞ്ഞു. ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് വിശദപദ്ധതി രൂപരേഖ തയ്യാറാക്കുമെന്ന് പാലം സന്ദര്‍ശിച്ചശേഷം തുറമുഖവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജീവ് കൗള്‍ പറഞ്ഞു. മികച്ച ടൂറിസം സാധ്യതയുള്ള മേഖലയാണിത്. അതിനെ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. നിലവിലുള്ള സ്ഥിതിയില്‍ പാലത്തില്‍ മറ്റ് നിര്‍മാണ പ്രവൃത്തികള്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സബ് കളക്ടര്‍ ആസിഫ് കെ.യൂസഫ്, പോര്‍ട്ട് ഓഫീസര്‍ അശ്വിനി പ്രതാപ്, അഴീക്കല്‍ തുറമുഖ കണ്‍സര്‍വേറ്റര്‍ അനില്‍കുമാര്‍, തലശ്ശേരി തുറമുഖ കണ്‍സര്‍വേറ്റര്‍ പി.അനിത എന്നിവരും ഒപ്പമുണ്ടായിരുന്നു.


0 Comments