ചാലക്കുന്ന് മേല്‍പ്പാലം; ഉന്നതതലസംഘം സ്ഥലം സന്ദര്‍ശിച്ചു



ചാല: ചാലക്കുന്നിനെയും തോട്ടടയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ മേല്‍പ്പാലത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ചു. തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നിര്‍ദേശപ്രകാരം പാലക്കാട് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരാണ് സന്ദര്‍ശനത്തിനെത്തിയത്.

ഇപ്പോള്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടന്നാണ് ഇരുവശത്തേക്കുമുള്ള യാത്രക്കാര്‍ നടന്നുപോകുന്നത്. ട്രാക്ക് മുറിച്ചുകടക്കുമ്ബോള്‍ നിരവധി പേര്‍ക്ക് തീവണ്ടി തട്ടി പരിക്കേറ്റിട്ടുണ്ട്. മൂന്നുമാസം മുന്‍പ് ഒരു വിദ്യാര്‍ഥിക്ക് തീവണ്ടി തട്ടി പരിക്കേറ്റിരുന്നു. ഗവ. പോളിടെക്‌നിക്, ഗവ. ഐ.ടി.ഐ., എസ്.എന്‍. കോളേജ്, തോട്ടട, എസ്.എന്‍. ട്രസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ക്ക് നിര്‍ദിഷ്ട റെയില്‍വേ മേല്‍പ്പാലം ഉപകാരപ്പെടും. നാട്ടുകാരുടെയും വിദ്യാര്‍ഥികളുടെയും നിരന്തര ആവശ്യമാണ് പദ്ധതി.

കണ്ണൂര്‍ നിയോജകമണ്ഡലത്തിന് അനുവദിച്ച വികസന ഫണ്ടില്‍ നിന്ന് അഞ്ചുകോടി രൂപയാണ് പദ്ധതിക്ക് നീക്കിവെച്ചിട്ടുള്ളത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പാലക്കാട് റെയില്‍വേ അഡീഷണല്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ അനില്‍കുമാര്‍, സീനിയര്‍ സെക്‌ഷന്‍ എന്‍ജിനീയര്‍ എബ്രഹാം, യു.ബാബു ഗോപിനാഥ്, കൗണ്‍സിലര്‍മാരായ എന്‍.ബാലകൃഷ്ണന്‍, പി.കെ.പ്രീത എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.