തടയണ വന്നു കുണിയനിലെ കര്‍ഷകര്‍ക്ക് ഇപ്പോഴും കിട്ടുന്നത് ഉപ്പുവെള്ളം



കരിവെള്ളൂര്‍: ഉപ്പുവെള്ളം തടയുന്നതിന്‌ 65 ലക്ഷം രൂപ ചെലവഴിച്ച്‌ കുണിയന്‍ മുങ്ങംപാലത്തിനു സമീപം ആധുനിക തടയണ ഒരുങ്ങി. എന്നാല്‍, ഉപ്പുവെള്ളത്തോടുള്ള കര്‍ഷകരുടെ പേടി ഇനിയും മാറിയിട്ടില്ല. തടയണയ്ക്ക്‌ സമീപമുള്ള ചെറീല തെക്കനംകൂര്‍ പാടശേഖരത്തിലെ ഭൂരിഭാഗം വയലുകളിലും ഇത്തവണയും നെല്‍ച്ചെടിക്ക് പകരം വളരുന്നത് കളകളും മുള്‍ച്ചെടികളും .

കരിവെള്ളൂര്‍-പെരളം പഞ്ചായത്തിലെ നെല്ലറയാണ് കുണിയന്‍. കുണിയനിലെ കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള പേടിസ്വപ്നമാണ് ഉപ്പുവെള്ളം. വേലിയേറ്റസമയത്താണ്‌ അറബിക്കടലില്‍നിന്ന്‌ ഉപ്പുവെള്ളം കുണിയനിലെത്തുന്നത്. കാര-തലിച്ചാലം, കുണിയന്‍ എന്നിവിടങ്ങളിലുണ്ടായിരുന്ന തടയണകള്‍ തകര്‍ന്നതോടെ വര്‍ഷങ്ങളായി ഉപ്പുവെള്ളം കുണിയനിലെ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷവും ചെറീല തെക്കനംകൂര്‍ പാടശേഖരത്തിലെ ഭൂരിഭാഗം നെല്‍ക്കൃഷിയും ഉപ്പുവെള്ളം മൂലം നശിച്ചിരുന്നു. രണ്ടാംവിള നെല്‍ക്കൃഷിയെ ആണ് ഉപ്പുവെള്ളം കാര്യമായി ബാധിക്കുന്നത്. കൃഷി തുടര്‍ച്ചയായി നഷ്ടംവന്നതോടെ കര്‍ഷകരില്‍ ഭൂരിഭാഗവും വയലുകളില്‍നിന്ന് പിന്‍വാങ്ങാന്‍ തുടങ്ങി. ഇതോടെ നെല്‍ക്കതിരുകള്‍ക്ക് പകരം വയലുകളില്‍ മുട്ടോളം കുറ്റിച്ചെടികളും കളകളും വളരാന്‍ തുടങ്ങി.

കര്‍ഷകരുടെയും നാട്ടുകാരുടെയും നിരന്തരമായ മുറവിളിക്കൊടുവിലാണ് കുണിയന്‍ മുങ്ങം പാലത്തിനു സമീപവും പടിഞ്ഞാറെ പാലത്തിനുസമീപവും രണ്ട് തടയണകള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. ഇതില്‍ മുങ്ങം പാലത്തിനു സമീപത്തെ തടയണയാണ് പൂര്‍ത്തിയായത്. സ്വാഭാവികമായി രണ്ടാം വിള കൃഷിയിറക്കുന്നതിന് കര്‍ഷകര്‍ക്ക് ഇനി ഉപ്പുവെള്ളത്തെ ഭയക്കേണ്ടതില്ല. എന്നാല്‍, കൃഷിയിറക്കാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. ഉപ്പുവെള്ളത്തിന്റെ ഈ വര്‍ഷത്തെ ഗതി നിരീക്ഷിച്ച ശേഷം അടുത്ത വര്‍ഷം കൃഷിയിറക്കാമെന്നാണ് കര്‍ഷകരുടെ നിലപാട്. കൂടാതെ, ഇപ്പോള്‍ തടയണ നിര്‍മിച്ച സ്ഥലത്തിന്റെ തെക്കുഭാഗത്ത് തോടിന്റെ കരകള്‍ പൊട്ടിയിട്ടുണ്ടെന്നും ഉപ്പുവെള്ളം അതിലൂടെ വയലുകളിലെത്താന്‍ സാധ്യതയുണ്ടെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. തടയണ ഉദ്ഘാടനംചെയ്യുന്നതിന്റെ മുന്നോടിയായി തോടിന്റെ ഇരുകരകളും ബലപ്പെടുത്തുകയും കര്‍ഷകരെ ബോധവത്‌കരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ കുണിയനിലെ വയലുകളെ പഴയ പ്രതാപത്തിലെത്തിക്കാന്‍ കഴിയൂ.