ഏളക്കുഴിക്കാര്‍ ചോദിക്കുന്നു, ഇനിയെങ്കിലും ഈ റോഡൊന്ന് നന്നാക്കിത്തരുമോ... ?



ഏളക്കുഴി: ഈ റോഡിലൂടെ ഒരുതവണയെങ്കിലും നഗര ഭരണാധികള്‍ യാത്രചെയ്തിരുന്നെങ്കില്‍ റോഡിന് ഈ ഗതി വരില്ലായിരുന്നു. പൂര്‍ണമായും തകര്‍ന്ന നീര്‍വേലി-ഏളക്കുഴി റോഡിനെക്കുറിച്ച്‌ നാട്ടുകാരുടെ വാക്കുകളാണിത്. യാത്ര ദുഷ്കരമായിട്ടും റോഡ് നവീകരിക്കാത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മട്ടന്നൂര്‍ നഗരസഭയിലെ പതിനെട്ടാം വാര്‍ഡിലുള്‍പ്പെടുന്ന റോഡാണ് 500 മീറ്ററോളം നീളത്തില്‍ തകര്‍ന്നത്. ടാര്‍ ഇളകി കരിങ്കല്‍ച്ചീളുകള്‍ റോഡിലാകെ ചിതറിക്കിടക്കുകയാണ്.

കുണ്ടും കുഴിയും നിറഞ്ഞ് ടാര്‍ പൂര്‍ണമായും ഇല്ലാത്ത സ്ഥിതിയാണ്. റോഡിന്റെ തകര്‍ച്ചമൂലം ഓട്ടോറിക്ഷകള്‍വരെ സര്‍വീസ് നടത്താന്‍ മടിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ചെങ്കല്ല് കയറ്റിയ ലോറി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത് റോഡിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായെന്നും പറയുന്നു. സ്കൂള്‍ കുട്ടികള്‍ വാഹനങ്ങള്‍ ഓടാത്തതിനാല്‍ നടന്നുപോകേണ്ടിവരുന്നു. കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. വാഹനങ്ങള്‍ കടന്നുപോകുമ്ബോള്‍ കല്ലുകള്‍ ഇളകിത്തെറിച്ച്‌ വഴിവക്കിലുള്ളവര്‍ക്ക് പരിക്കേല്‍ക്കുന്ന അവസ്ഥയും ഉണ്ടാകുന്നു.

ഇരുചക്ര വാഹനങ്ങള്‍ ചിതറിക്കിടക്കുന്ന കല്ലുകളില്‍ തട്ടി അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. നഗരസഭാ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ള അധികാരികളെ നിരവധിതവണ പ്രശ്നത്തെകുറിച്ച്‌ അറിയിച്ചെങ്കിലും അവഗണന തുടരുകയാണെന്ന് നാട്ടുകാര്‍ പരാതിപെടുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ അനുബന്ധ റോഡായി വികസനസാധ്യതയുള്ളതാണ് മുണ്ടോറപൊയില്‍-ഏളക്കുഴി-നീര്‍വേലി റോഡ്. ഇതില്‍ കോറമുക്ക് -ഏളക്കുഴിവയല്‍ റോഡ് 35 ലക്ഷം രൂപ ചെലവഴിച്ച്‌ രണ്ട് വര്‍ഷം മുന്‍പ് നവീകരിച്ചിരുന്നു. എന്നാല്‍, നീര്‍വേലിയിലേക്ക് പോകുന്ന സ്ഥലത്തെ റോഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ റോഡ് നവീകരണത്തിന്റെ പ്രയോജനം നാട്ടുകാര്‍ക്ക് ലഭ്യമാകുന്നില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ റോഡ് റീ ടാറിങ്ങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നും പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു.