മഞ്ഞുമല ക്വാറിവിരുദ്ധ സമരം അനിശ്ചിതകാല നിരാഹാരത്തിലേക്ക്




ആലക്കോട്: മഞ്ഞുമല ക്വാറിവിരുദ്ധ സമരം നടത്തുന്നവര്‍ക്ക് ഭീഷണിയെന്ന് പരാതി. സമരസമിതി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നതായി സമരസമിതി നേതാക്കള്‍ കുറ്റപ്പെടുത്തി. മഞ്ഞുമല ക്വാറിവിരുദ്ധ സമര പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്യാനുള്ള പോലീസ് നീക്കത്തിന്റെ പശ്ചാത്തലത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ സമരസമിതിയും സേവ് കേരള കാമ്ബയിന്‍ കമ്മിറ്റിയും തീരുമാനിച്ചു.

പ്രദേശത്തെ ഒരു കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ക്യാമറകള്‍ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരേ ഒട്ടേറെ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരിക്കുകയാണ് പോലീസ്. നശിപ്പിക്കപ്പെട്ട ക്യാമറയുടെ ഭാഗങ്ങള്‍ ഏഴുമണിക്കൂറോളം റോഡരികില്‍ കിടന്നിരുന്നു. ആ ഘട്ടത്തില്‍ കുട്ടികളടക്കം നാട്ടുകാരില്‍ പലരും അവ എടുത്ത്‌ പരിശോധിക്കുകയുംചെയ്തിരുന്നു. കുടിയാന്‍മല പോലീസ് സ്റ്റേഷനില്‍ എത്തിച്ച ഈ ക്യാമറയുടെ ഭാഗങ്ങള്‍ പിന്നീട് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ യുവാവിനെക്കൊണ്ട് അവിടെവെച്ച്‌ നിര്‍ബന്ധിച്ച്‌ കൈയിലെടുപ്പിച്ച്‌ വിരലടയാളം പതിപ്പിക്കാനുള്ള പോലീസിന്റെ നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്ന് സമരസമിതി സംശയിക്കുന്നു. സമരത്തെ തകര്‍ക്കാന്‍ പഞ്ചായത്തും പോലീസും ക്വാറിക്കാരും ഒന്നിച്ച്‌ ശ്രമിക്കുകയാണ് -സമരസമിതി നേതാക്കള്‍ ആരോപിച്ചു.

മഞ്ഞുമലയിലെ സത്യാഗ്രഹസമരം നൂറാംദിവസം പൂര്‍ത്തിയാകുന്ന ജനുവരി നാലുമുതല്‍ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹ സമരം തുടങ്ങും. 23-ന് വൈകുന്നേരം അഞ്ചിന് ആശാന്‍ കവലയില്‍ വിശദീകരണ പൊതുയോഗം നടത്തും.

സമരപ്പന്തലില്‍ ചേര്‍ന്ന അടിയന്തരയോഗത്തില്‍ സമിതി ചെയര്‍മാന്‍ മാത്യു പാറശേരി, കണ്‍വീനര്‍ സജി പുത്തന്‍കണ്ടം, സേവ് കേരള കാമ്ബയിന്‍ കമ്മിറ്റി ഭാരവാഹികളായ നോബിള്‍ എം.പൈകട, പി.മുരളീധരന്‍, എം.വി.ഗോവിന്ദന്‍, നിശാന്ത് പരിയാരം, വിനോദ്കുമാര്‍ രാമന്തളി, സംഗീത മാങ്ങോട്, ജിഷ തുടങ്ങിയവര്‍ സംസാരിച്ചു.