പുതുവര്‍ഷം മുതല്‍ ഫ്ളാറ്റുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം




തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് മേഖലയുടെ നിയന്ത്രണത്തിനുള്ള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(റെറ) ജനുവരി ഒന്നിന് പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങും. എട്ടോ അതില്‍ കൂടുതലോ വരുന്ന ഫ്ളാറ്റുകള്‍, വില്ലകള്‍, വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണങ്ങള്‍, പ്ലോട്ട് തിരിച്ചുള്ള ഭൂമിവില്‍പ്പന തുടങ്ങിയവയ്ക്കെല്ലാം അതോടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാകുമെന്ന് റെറ ചെയര്‍മാന്‍ പി.എച്ച്‌. കുര്യന്‍ പറഞ്ഞു.

പ്രോജക്ടുകള്‍ വാങ്ങുന്നവര്‍ക്കും നിയമപരിരക്ഷ ഉറപ്പാകുമെന്നതിനാല്‍ നിശ്ചിതസമയത്ത് ഫ്ളാറ്റ് നിര്‍മിച്ചു നല്‍കാത്തതടക്കം നിര്‍മാതാക്കളുടെ കരാര്‍ ലംഘനങ്ങള്‍ക്കെതിരേ ഗുണഭോക്താക്കള്‍ക്കും അതോറിറ്റിയെ സമീപിക്കാം. അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത പദ്ധതികള്‍ ഇനി മുതല്‍ വില്‍ക്കാനാവില്ല.

നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അതോറിറ്റിക്ക് സ്വമേധയാ കേസെടുത്ത് അന്വേഷിക്കാം. അതേസമയം വീടുവില്‍പ്പന, ഫ്ളാറ്റുകളുടെ രണ്ടാമതുള്ള വില്‍പ്പന, സ്വന്തം ഭൂമിയില്‍ കടമുറികള്‍ നിര്‍മിച്ച്‌ വാടകയ്ക്കു നല്‍കല്‍ (വാണിജ്യ സമുച്ചയങ്ങളൊഴികെ) തുടങ്ങിയവയൊന്നും റെറയുടെ പരിധിയില്‍ വരില്ല.

നിര്‍മാണത്തിലുള്ളതും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും വരാന്‍പോകുന്ന പദ്ധതികളും 'റെറ'യില്‍ രജിസ്റ്റര്‍ചെയ്യണം. നിര്‍ത്തിെവച്ച പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നവ എന്ന ഗണത്തില്‍പ്പെടുത്തി രജിസ്റ്റര്‍ചെയ്യണം.

അനുമതിക്കനുസരിച്ച്‌ നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണോ നിര്‍മാണമെന്ന കാര്യങ്ങള്‍ പരിശോധിച്ച്‌ സുതാര്യത ഉറപ്പാക്കും. ബാങ്കുകളില്‍നിന്ന് വായ്പലഭിക്കാനടക്കം റെറ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പരസ്യപ്പെടുത്തി ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനാകില്ല.

ഫ്ളാറ്റുകളുടെയും അപ്പാര്‍ട്ട്മെന്റുകളുടെയും ബില്‍റ്റ് ഏരിയ, കാര്‍പ്പറ്റ് ഏരിയ, പാര്‍ക്കിങ് ഇടം, ഗാരേജ് തുടങ്ങിയവയെല്ലാം റെറയില്‍ പ്രത്യേകം നിര്‍വചിച്ചിട്ടുണ്ട്. പുതിയ ഫ്ളാറ്റുകളുടെ പാര്‍ക്കിങ് സ്ഥലം വില്‍ക്കുന്നതിനും വ്യവസ്ഥയുണ്ട്. അമ്ബതുശതമാനം ഫ്ളാറ്റുകള്‍ വില്‍പ്പനക്കരാര്‍ ഉറപ്പിച്ചാല്‍ വാങ്ങിയവരെച്ചേര്‍ത്ത് അസോസിയേഷന്‍ രൂപവത്കരിക്കുകയും പൊതു ഉപയോഗത്തിനുള്ള സ്ഥലങ്ങള്‍ സംബന്ധിച്ച്‌ മാര്‍ഗരേഖയുണ്ടാക്കേണ്ടതും നിര്‍മാതാക്കളുടെ ഉത്തരവാദിത്വമാണ്.

ഗുണഭോക്താക്കളില്‍നിന്ന് മുന്‍കൂര്‍ വാങ്ങുന്ന തുകയില്‍ 70 ശതമാനം പദ്ധതി കൈമാറുന്നതുവരെ പ്രത്യേക നിക്ഷേപമായി സൂക്ഷിക്കണം. ഫ്ളാറ്റുകളുടെയും മറ്റും ബില്‍ഡര്‍മാരുടെയും െഡവലപ്പര്‍മാരുടെയും പരാതികള്‍ സ്വീകരിക്കാനും പരിഹരിക്കാനും റെറയ്ക്ക് അധികാരമുണ്ട്. വൈകാതെ രജിസ്‌ട്രേഷനും പരാതി സ്വീകരിക്കലുമെല്ലാം പൂര്‍ണമായും ഓണ്‍ലൈനാക്കും.

പരാതി നല്‍കാനുള്ള അപേക്ഷാഫോറം ഇപ്പോള്‍ rera.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കിട്ടും. പദ്ധതികള്‍ക്ക് ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മൂന്നുമാസത്തിനകം രജിസ്റ്റര്‍ചെയ്ത്‌ നല്‍കണമെന്നാണ് ചട്ടം. അതോറിറ്റി അംഗം പ്രീത മേനോനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.