ഉള്ളിവിലവര്‍ധന ചിത്രദുര്‍ഗയില്‍ കര്‍ഷകനെകോടീശ്വരനാക്കി
ബെംഗളൂരു: ഉള്ളിവില സാധാരണക്കാരെ കരയിപ്പിച്ചെങ്കിലും ബാങ്ക് വായ്പയെടുത്ത കര്‍ഷകനെ കോടീശ്വരനാക്കി. കര്‍ണാടകത്തിലെ ചിത്രദുര്‍ഗയിലെ കര്‍ഷകനായ മല്ലികാര്‍ജുനയ്ക്ക് 20 ഏക്കര്‍ സ്ഥലത്തെ ഉള്ളിക്കൃഷിയിലൂടെ ലഭിച്ചത് കോടികള്‍. ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്ത മല്ലികാര്‍ജുന ആശങ്കയിലായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഉള്ളിവില കുതിച്ചുയര്‍ന്നപ്പോള്‍ ഒരുമാസംകൊണ്ട് സമയം തെളിഞ്ഞു.
ചെറുപ്പം മുതല്‍ കൃഷിക്കാരനായ മല്ലികാര്‍ജുന സ്വന്തംസ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമായാണ് ഉള്ളിക്കൃഷി നടത്തിയത്. ബാങ്കില്‍നിന്ന് 15 ലക്ഷം വായ്പയെടുത്തു. ലക്ഷങ്ങള്‍ വായ്പയെടുത്ത് കൃഷിചെയ്യുന്നത് വെല്ലുവിളിയാണെങ്കിലും കൃഷിനടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തവണ ഉത്പാദനവും കൂടി.
20 ഏക്കറില്‍നിന്ന് 240 ടണ്‍ ഉള്ളിയാണ് വിളയിച്ചത്. കൃഷിഭൂമിയില്‍ നിന്ന് 20 ലോറി ഉള്ളി കയറ്റി അയച്ചതോടെ വരുമാനം കൂടി. നല്ല വിളവുലഭിച്ചാല്‍ അഞ്ചുമുതല്‍ 10 ലക്ഷം വരെ ലാഭമുണ്ടാകുമെന്നാണ് കരുതിയതെന്ന് മല്ലികാര്‍ജുന പറയുന്നു. ഉള്ളിവില നൂറുകവിഞ്ഞതോടെ വരുമാനം കോടികളായി. തുടക്കത്തില്‍ ക്വിന്റലിന് 7,000 രൂപ നിരക്കിലാണ് വിറ്റത്. പിന്നീട് ഇത് 12,000 രൂപയായി ഉയര്‍ന്നു. ഉള്ളിവില്‍പ്പനയിലൂടെ രണ്ടുകോടി രൂപയോളം ലഭിച്ചുവെന്ന് മല്ലികാര്‍ജുന പറയുന്നു.


0 Comments