പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ആരംഭിച്ച പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അസമിലെ ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനം തിങ്കളാഴ്ച വരെ തുടരും.





 സംസ്ഥാനത്തെ സമാധാനന്തരീക്ഷം നിലനിര്‍ത്താനും നിയമലംഘനങ്ങള്‍ തടയാനുമാണ് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഫേസ് ബുക്ക്, വാട്സ്‌ആപ്പ്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയിലൂടെ വാര്‍ത്തകളും വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച്‌ കിംവദന്തികള്‍ പരത്തുകയും ക്രമസമാധാനത്തെ തകര്‍ക്കുകയും ചെയ്യുന്നതായി സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ആരംഭിച്ച പ്രക്ഷോഭം അസമിലെ വടക്കന്‍ ജില്ലകളിലേക്ക് ആളിപ്പടരുന്നു. ജോര്‍ഹട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തീന്‍സുകിയ, ദിബ്രൂഗഡ്, ദിമാജി മേഖലകളില്‍ ജനക്കൂട്ടം തെരുവിലിറങ്ങി. തിങ്കളാഴ്ച മുതല്‍ അസമിലെ ജില്ലാ കലക്ടറേറ്റുകള്‍ ഉപരോധിക്കാനും സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ കൂട്ട സത്യാഗ്രഹം ആരംഭിക്കാനും പ്രക്ഷോഭകാരികള്‍ തീരുമാനിച്ചിട്ടുണ്ട്.