കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്: അടിയന്തര അറ്റകുറ്റപ്പണി ഉടന്‍ നടത്തും




പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്താനാവശ്യമായ നടപടി സ്വീകരിക്കാന്‍ ആസ്പത്രിവികസന സൊസൈറ്റിയുടെ ആദ്യ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനം. ആസ്പത്രി കെട്ടിടങ്ങളുടെ പെയിന്റിങ്, പുതിയ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ എത്തിക്കുക തുടങ്ങിയവയാണ് ഇതില്‍ വരിക. ഇതിനായി സര്‍ക്കാര്‍ സഹായം ആവശ്യപ്പെടും. കെട്ടിടങ്ങളുടെ നവീകരണത്തിന് 20 കോടി രൂപയാണ് കാണക്കാക്കിയിരിക്കുന്നത്.

മാസ്റ്റര്‍പ്ലാന്‍ പ്രകാരം ലഭിക്കുന്ന തുക ഉപയോഗിച്ച്‌ ട്രോമ കെയര്‍ സംവിധാനം ആധുനിക വത്കരിക്കാനും കാര്‍ഡിയോളജി വിഭാഗം വിപുലീകരിക്കാനും നടപടിസ്വീകരിക്കും. ആദ്യഘട്ടത്തില്‍ മാസ്റ്റര്‍പ്ലാന്‍ പ്രകാരം 100 കോടിരൂപയാണ് ലഭിക്കുക. അത്യാഹിതവിഭാഗത്തെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമായതിനാല്‍ ഇത് മെച്ചപ്പെടുത്താനായി എമര്‍ജന്‍സി മെഡിസിന്‍ സംവിധാനം കാര്യക്ഷമമാക്കും. ഇതിനായി ഒരുവര്‍ഷത്തിനകം കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തി പദ്ധതി ആവിഷ്കരിക്കാനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

ആരോഗ്യമന്ത്രി കെ.കെ.ശൈലജ ആസ്പത്രി യോഗം ഉദ്ഘാടനംചെയ്തു. സൊസൈറ്റി ചെയര്‍മാന്‍ കളക്ടര്‍ ടി.വി.സുഭാഷ് അധ്യക്ഷതവഹിച്ചു. ടി.വി.രാജേഷ്‌ എം.എല്‍.എ., ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി.സുമേഷ്‌ എച്ച്‌.ഡി.എസിലെ മുഖ്യമന്ത്രിയുടെ പ്രതിനിധി ടി.ഐ.മധുസൂദനന്‍, ജില്ലയില്‍നിന്നുള്ള മന്ത്രിമാരുടെ പ്രതിനിധികളായ എം.കരുണാകരന്‍, പി.പി.ദാമോദരന്‍, ഇ.പി.ആര്‍. വേശാല, ശിശുക്ഷേമസമിതി ദേശീയ എക്സിക്യുട്ടീവ്‌ കമ്മിറ്റിയംഗം സി.സത്യപാലന്‍, കെ.ജി.വത്സലകുമാരി, നിയമസഭാ പ്രാതിനിധ്യമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികള്‍, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.പി.ബാലകൃഷ്ണന്‍, മെഡിക്കല്‍ കോളേജ്‌ വാര്‍ഡ്‌ അംഗം ടി.വി. സുധാകരന്‍, സ്ഥലം എം.പി., എം.എല്‍.എ.മാരുടെ പ്രതിനിധികള്‍, എച്ച്‌.ഡി.എസ്‌. ട്രഷറര്‍ വി.എസ്.ബിന്ദു, ആസ്പത്രി മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. കെ.സുദീപ്‌, ആസ്പത്രി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. ഡി.കെ.മനോജ്‌ തുടങ്ങിവര്‍ യോഗത്തില്‍ പങ്കെടുത്തു.