സര്‍ക്കാര്‍ ആസ്പത്രികളെ ആശ്രയിക്കുന്നവര്‍ കൂടി-മന്ത്രി കെ.കെ.ശൈലജ




കണ്ണൂര്‍: സര്‍ക്കാര്‍ ആസ്പത്രികളെ ആശ്രയിക്കുന്നവര്‍ വര്‍ധിച്ചതായി മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ജില്ലാ ആസ്പത്രിയിലെ നവീകരിച്ച രക്തബാങ്കും മെഡിക്കല്‍ ഐ.സി.യു.വും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചു. ഇത് സര്‍ക്കാര്‍ ആസ്പത്രികളുടെ മികവാണ് വ്യക്തമാക്കുന്നത്. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ജില്ലാ ആസ്പത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തിലേക്കുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സ്വപ്നം കാണാനാവാത്ത വികസനമാണ് ഇത് യാഥാര്‍ഥ്യമാകുന്നതോടെ ഉണ്ടാവുക.
മെഡിക്കല്‍ കോളേജില്‍ മാത്രം ലഭിക്കുന്ന നെഫ്രോളജി, കാര്‍ഡിയോളജി ചികിത്സകള്‍ ആസ്പത്രിവഴി ചെയ്യാന്‍ സാധിക്കും. ജില്ലാ ആസ്പത്രിയില്‍ മൂന്നുമാസത്തിനകം കാത്ത് ലാബ് ഒ.പി. തുടങ്ങും. ആറു മാസത്തിനകം കാത്ത് ലാബ് യാഥാര്‍ഥ്യമാവും. ജില്ലാ ആസ്പത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തിലേക്കുയര്‍ത്തുന്ന പ്രവൃത്തിയുടെ 13 ശതമാനം ഇതിനോടകം പൂര്‍ത്തിയായി. കഴിഞ്ഞവര്‍ഷം 15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. ഈ വര്‍ഷം 50 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രമാവും.

രക്തബാങ്കിലേക്ക് രക്തം നല്‍കാനെത്തുന്നവരെ നല്ല രീതിയില്‍ സ്വീകരിക്കണം. എല്ലാവരും യോജിപ്പോടെ പെരുമാറിയാല്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ ഒരുപാട് ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.