എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്മാരുടെ കരുതലില്‍ ബിഹാര്‍ സ്വദേശിനിക്ക് സര്‍ക്കാര്‍ ആംബുലന്‍സില്‍ സുഖപ്രസവം
കണ്ണൂര്‍: സര്‍ക്കാര്‍ ആംബുലന്‍സില്‍ ആദ്യത്തെ കണ്‍മണി പിറന്നു. ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായ കെ.ജെ.സന്തോഷിന്റെയും ഡ്രൈവര്‍ ജിതിന്റെയും കരുതലില്‍ ബിഹാര്‍ സ്വദേശി പുഷ്പ(32)യും പെണ്‍കുഞ്ഞും സുരക്ഷിതര്‍. പയ്യന്നൂരിനും പരിയാരത്തിനുമിടയില്‍ ഉച്ചയ്ക്ക് 1.15-നും 1.20-നും ഇടയിലാണ് പ്രസവം. അമ്മയെയും കുഞ്ഞിനെയും പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ കനിവ്-108 ആംബുലന്‍സിലാണ് പ്രസവം നടന്നത്. അടിയന്തരമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് ഗര്‍ഭിണിയെ എത്തിക്കാന്‍ പയ്യന്നൂര്‍ ഗവ.താലൂക്ക് ആസ്പത്രിയില്‍നിന്നാണ് സന്തോഷിനും ജിതിനും നിര്‍ദേശംവന്നത്. പിലാത്തറയ്ക്കടുത്തെത്തിയപ്പോള്‍ പ്രസവം നടന്നു. ആംബുലന്‍സില്‍ പ്രീത എന്ന സ്ത്രീയും ഉണ്ടായിരുന്നത് തുണയായെന്ന് സന്തോഷും ജിതിനും പറഞ്ഞു.
10 വര്‍ഷം ആസ്പത്രിനഴ്‌സിങ്ങില്‍ പരിചയമുള്ള സന്തോഷ് പെരുമ്ബടവ് സ്വദേശിയാണ്. ആലക്കോട് സ്വദേശിയാണ് ഡ്രൈവര്‍ ജിതിന്‍. ആംബുലന്‍സ് നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദിലെ ജി.വി.കെ. എമര്‍ജന്‍സി മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജീവനക്കാരാണ് ഇരുവരും. ഏഴിമല നാവിക അക്കാദമിയിലെ ഒരു ഓഫീസറുടെ വീട്ടില്‍ ജോലിക്കാരിയാണ് പുഷ്പ.


0 Comments