പേരൂലിന് ഉത്സവമായി വോളിബോള്‍
പെരിങ്ങോം: എരമം-കുറ്റൂരിലെ പേരൂല്‍ ഗ്രാമം വോളിബോള്‍ പെരുമയില്‍ സമ്ബന്നമാണ്. കേരളാ വോളിബോള്‍ അസോസിയേഷന്റെ സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പ് മത്സരങ്ങള്‍ ഫൈനലിനോടടുക്കുമ്ബോള്‍ ഗ്രാമം വോളി ലഹരിയിലാണ്. റെഡ് സ്റ്റാര്‍ പേരൂലാണ് സംസ്ഥാന യൂത്ത് വോളിബോളിന് ആതിഥ്യമരുളുന്നത്.
23 വരെയാണ് വോളിബോള്‍ മത്സരങ്ങള്‍ നടക്കുന്നത്. മത്സരങ്ങള്‍ കാണുവാനെത്തുന്നത് വന്‍ ജനക്കൂട്ടമാണ്. പുലര്‍ച്ചെ രണ്ടുമണിവരെ നീളുന്ന മത്സരങ്ങള്‍ക്ക് സ്റ്റേഡിയം നിറഞ്ഞുനില്‍ക്കുന്ന ജനാവലിയുണ്ട്. പേരൂല്‍ ഗ്രാമത്തിന്റെ വോളിബോള്‍ പെരുമയുടെ അടിത്തറയായി നില്‍ക്കുന്ന നിരവധി ക്ലബ്ബുകളുണ്ടിവിടെ. റെഡ് സ്റ്റാര്‍ പേരൂല്‍, പ്രഭ പേരൂല്‍, റെഡ് സ്റ്റാര്‍ പേരൂല്‍ കിഴക്കെക്കര എന്നിവ ഇതില്‍പെടുന്നു. ഉത്തരമലബാറിന്റെ വോളിബോള്‍ മത്സരങ്ങളില്‍ പേരൂലിലെ ഒരു ക്ലബ്ബിന്റെയെങ്കിലും സാന്നിധ്യമുണ്ടാവാറുണ്ട്. വോളിബോള്‍ മത്സരം എവിടെ നടന്നാലും പേരൂലിലെ കായികപ്രേമികളുടെ സാന്നിധ്യം ഉറപ്പാണ്.
മത്സരത്തില്‍ പങ്കെടുക്കുവാന്‍ വോളിബോള്‍ താരങ്ങള്‍ മാത്രമല്ല കളികാണുവാന്‍ നാടാകെ പോകുന്നതായിരുന്നു പഴയകാലത്തെ ശീലം. കാലം മാറിയെങ്കിലും ശീലംമാറാതെ വോളിബോളിനെ പ്രണയിച്ചുകഴിയുകയാണീ ഗ്രാമം. കളി ജയിച്ചുവന്നാല്‍ സന്തോഷം പങ്കുവെക്കലും പരാജയപ്പെട്ടുവന്നാല്‍ പരാജയകാരണങ്ങളുടെ വിശകലനങ്ങളുമായി നേരം വെളുക്കുന്നതുവരെ നടക്കുന്ന ചര്‍ച്ചയില്‍ ക്ലബ്ബ് ഭാരവാഹികളും നാട്ടുകാരും പങ്കെടുക്കുമെന്നതും നാടിന്റെ പ്രത്യേകതയാണ്. ഇത്തരം സംവാദങ്ങള്‍ നിത്യകാഴ്ചയാണ് ഇവിടെ.
വോളിബോളിനായി നിലകൊള്ളുന്ന മൂന്ന് ക്ലബ്ബുകള്‍ക്കും സ്വന്തമായ സ്ഥലവും മൈതാനവുമുണ്ട്. കേരളോത്സവങ്ങള്‍ തുടങ്ങുന്ന കാലംമുതല്‍ വോളിബോള്‍ മത്സരങ്ങളുടെ ഇടം പേരൂലാണ്. സംസ്ഥാന റഫറിമാരായ കെ.വി.മധുസൂദനന്‍, കെ.വി.ശ്രീനിവാസന്‍ എന്നിവരുടെ വോളിബോള്‍ പരിശീലന കളരിയും പേരൂലിന്റെ മണ്ണിലാണ് നടക്കുന്നത്.
സി.സത്യപാലന്‍ ചെയര്‍മാനും എം.വി.രാജേഷ് കണ്‍വീനറുമായ സംഘാടകസമതിയാണ് സംസ്ഥാന യൂത്ത് ബോളിബോള്‍ ചാമ്ബ്യന്‍ഷിപ്പിന് നേത്യത്വം നല്‍കിയത്. തിങ്കളാഴ്ച സമാപിക്കുന്ന മത്സരങ്ങളുടെ സമ്മാനവിതരണം സി.ക്യഷ്ണന്‍ എം.എല്‍.എ. നിര്‍വഹിക്കും. സമാപനസമ്മേളനം നാടിന്റെ ഉത്സവമാക്കിമാറ്റുവാനുള്ള തയ്യാറെടുപ്പിലാണ് പേരൂല്‍ ഗ്രാമം


0 Comments