രാജ്യാന്തര മൗണ്ടെയ്‌ന്‍‍ സൈക്കിളിങ് ചാമ്ബ്യന്‍ഷിപ്പ് നാളെ തുടങ്ങും




മാനന്തവാടി: അന്താരാഷ്ട്ര മൗണ്ടെയ്‌ന്‍ സൈക്കിളിങ് ചാമ്ബ്യന്‍ഷിപ്പിനായി (എം.ടി.ബി. കേരള) പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് ഒരുങ്ങി. 20 മുതല്‍ 22 വരെയാണ് ചാമ്ബ്യന്‍ഷിപ്പ്. ടൂറിസം വകുപ്പിന് കീഴിലുള്ള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ് ചാമ്ബ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.

വേദിയാവുന്നത് മൂന്നാം തവണ

പ്രിയദര്‍ശിനി തേയില എസ്റ്റേറ്റിലെ 4.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മണ്‍ട്രാക്കിലാണ് മത്സരം. സമുദ്രനിരപ്പില്‍ നിന്ന് 3,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ സൈക്കിള്‍ ട്രാക്ക് പാറക്കൂട്ടങ്ങളും വെള്ളവും ചെളിയുമെല്ലാം നിറഞ്ഞ ദുര്‍ഘടപാതയാണ്. സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായ യൂണിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷണലിന്റെയും (യു.സി.ഐ.) സൈക്കിള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും (സി.എഫ്.ഐ.) നിയന്ത്രണത്തിലാണ് ചാമ്ബ്യന്‍ഷിപ്പ്. ഇത് മൂന്നാംതവണയാണ് പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ രാജ്യാന്തര മൗണ്ടെയ്‌ന്‍ സൈക്കിളിങ് ചാമ്ബ്യന്‍ഷിപ്പ് നടക്കുന്നത്. യൂണിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷണല്‍ (യു.സി.ഐ.) യുടെ മൗണ്ടെയ്‌ന്‍ ടെറൈന്‍ ബൈക്ക് റേസ് കലണ്ടറില്‍ ഇടംപിടിച്ച രാജ്യത്തെ ആദ്യമത്സരമാണ് എം.ടി.ബി. കേരള.

മാറ്റുരയ്ക്കുന്നത് 12 രാജ്യങ്ങളിലെ താരങ്ങള്‍

ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലെ താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 21 പ്രൊഫഷണല്‍ സൈക്ളിങ് താരങ്ങളാണ് അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുന്നത്. ദേശീയമത്സരത്തില്‍ 60 പുരുഷ താരങ്ങളും 20 വനിതാ താരങ്ങളും പങ്കെടുക്കും. യു.സി.ഐ.യുടെ ലൈസന്‍സ് ഉള്ളവര്‍ക്കേ അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാനാവൂ. ദേശീയമത്സരത്തില്‍ പങ്കെടുക്കണമെങ്കില്‍ സി.എഫ്.ഐ.യുടെ ലൈസന്‍സ് വേണം. ഇതില്ലാത്ത അമെച്ചഴ്‌സിനുള്ള മത്സരവും ഇത്തവണ നടക്കും. 20-നാണ് അമെച്ചഴ്‌സിനുള്ള ഫണ്‍ ആന്‍ഡ് ത്രില്‍ മത്സരം.

റോഡിലൂടെയാണ് മത്സരയോട്ടം. പ്രിയദര്‍ശിനി എസ്റ്റേറ്റ് മുതല്‍ കുറുവ ദ്വീപ് വഴി 38 കി.മീ. സഞ്ചരിച്ച്‌ തിരികെ സ്റ്റാര്‍ട്ടിങ് പോയന്റിലെത്തുന്നതാണ് ട്രാക്ക്. 20-ന് ഫണ്‍ ആന്‍ഡ് ത്രില്‍ മത്സരങ്ങളുടെ ട്രയലും 21-ന് ഫൈനല്‍ മത്സരങ്ങളും നടക്കും. അമെച്ചര്‍ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് 22-ന് നടക്കുന്ന ദേശീയ മൗണ്ടെയ്ന്‍ സൈക്ലിങ് ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

21-ന് രാജ്യാന്തര, ദേശീയ മത്സരങ്ങളുടെ ട്രയല്‍. 22-ന് ഫൈനല്‍. അന്താരാഷ്ട്ര ക്രോസ് കണ്‍ട്രി മത്സരത്തിലെ വിജയിക്ക് 1.5 ലക്ഷം രൂപയാണ് സമ്മാനം. രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം 1,00,000, 50,000, 25,000, 20,000 രൂപ വീതം സമ്മാനം ലഭിക്കും. ദേശീയ ക്രോസ് കണ്‍ട്രി മത്സരത്തിലെ വിജയിക്ക് 1,00,000 രൂപ സമ്മാനം ലഭിക്കും. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 50,000, 25,000, 20,000, 15,000 രൂപ സമ്മാനമായി ലഭിക്കും. ഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ചിലെ ആദ്യ മൂന്നുസ്ഥാനക്കാര്‍ക്ക് സാക്ഷ്യ പത്രങ്ങള്‍ നല്‍കും.