ബിഷപ്പ് ഹൗസിന് മുമ്ബില്‍ സമരവുമായി മാതാപിതാക്കള്‍




മാനന്തവാടി: കന്യാസ്ത്രീയായി ഇംഗ്ലണ്ടില്‍ എത്തിയ മകളെ മാനസികരോഗിയാക്കിമാറ്റി ഉപദ്രവിക്കുന്നുവെന്നാരോപിച്ച്‌ സിസ്റ്റര്‍ ദീപയുടെ മാതാപിക്കളായ കല്ലറ ജോസ്, തങ്കമ്മ എന്നിവര്‍ മാനന്തവാടി ബിഷപ്പ് ഹൗസിന് മുന്നില്‍ ശ്രദ്ധക്ഷണിക്കല്‍ സമരം നടത്തി.

മാനന്തവാടി രൂപതാംഗങ്ങളായ തങ്ങള്‍ മകളുടെ വിഷയത്തില്‍ ഇടപെടണമെന്ന് രൂപതാധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടിട്ടും പ്രതികരണമുണ്ടായില്ലെന്നാരോപിച്ചാണ് ഇരുവരും ബിഷപ്പ് ഹൗസിന് മുന്നില്‍ സമരം നടത്തിയത്.

തിങ്കളാഴ്ച രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയായിരുന്നു സമരം. മകള്‍ എങ്ങനെ മാനസികരോഗിയായി, രോഗിയാക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ട് മാതാപിതാക്കളെ അറിയിച്ചില്ല, കോണ്‍ഗ്രിഗേഷനില്‍നിന്ന് പുറത്താക്കിയപ്പോള്‍ എന്തുകൊണ്ട് മകളെ മാതാപിതാക്കള്‍ക്ക് തിരിച്ചേല്‍പ്പിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ എഴുതിയ പോസ്റ്ററുകളുമായാണ് ഇരുവരും സമരത്തിനെത്തിയത്.
സിസ്റ്റര്‍ ദീപയുടെ മാതാപിതാക്കള്‍ ബിഷപ്പ് ഹൗസിനുള്ളിലേക്ക് പ്രവേശിക്കുന്നത് തടയാനായി കെ.സി.വൈ.എം., വിശ്വാസ സംരക്ഷണസമിതി എന്നിവയുടെ നേതൃത്വത്തില്‍ പ്രതിരോധം തീര്‍ത്തു. പോലീസ് ഇടപെട്ടതോടെ ബിഷപ്പ് ഹൗസിന്റെ ഗെയ്റ്റിന് തൊട്ടുമുന്നിലായി, റോഡരികില്‍ ബാനര്‍ വലിച്ചുകെട്ടി ഇരുവരും സമരമിരുന്നു. കടുത്തവെയിലിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തങ്കമ്മയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് ജോസ് സമരം തുടര്‍ന്നു.

രൂപതയെ അപമാനിക്കാനുള്ള ശ്രമം

രൂപതയുമായി ഒരുബന്ധവുമില്ലാത്ത വിഷയം ഉയര്‍ത്തിപ്പിടിച്ച്‌ സമരം നടത്തി മാനന്തവാടി രൂപതയെ പൊതുജനങ്ങള്‍ക്ക് മുമ്ബില്‍ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രൂപതാ പി.ആര്‍.ഒ. അംഗങ്ങായ ഫാ. ജോസ് കൊച്ചറയ്ക്കല്‍, ഫാ. നോബിള്‍ പാറയ്ക്കല്‍, സാലു അബ്രഹാം എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ലത്തീന്‍ സഭയുടെ ബെനഡിക്ടൈന്‍ സന്ന്യാസ സഭാംഗമായി ചേരുകയും പിന്നീട് അവിടെ സ്വന്തം അഭ്യര്‍ഥനപ്രകാരം സന്ന്യാസവ്രതങ്ങളില്‍നിന്ന് വിടുതല്‍ നേടുകയും ചെയ്ത് ഇംഗ്ലണ്ടില്‍ പൗരത്വം നേടി സ്ഥിരതാമസമാക്കിയിരിക്കുന്ന വ്യക്തിയാണ് ദീപ. അവര്‍ ഇംഗ്ലണ്ടില്‍നിന്ന് മടങ്ങാന്‍ തയ്യാറല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ഈ കാര്യത്തില്‍ മാനന്തവാടി രൂപതയ്‌ക്കോ, മെത്രാനോ ഒന്നുംചെയ്യാന്‍ സാധിക്കില്ല. സിസ്റ്റര്‍ ദീപയുടെ മാതാപിതാക്കള്‍ രൂപതാംഗങ്ങള്‍ ആയതുകൊണ്ട് അവര്‍ ആവശ്യപ്പെട്ട സഹായങ്ങള്‍ പരിമിതിക്കുള്ളില്‍നിന്ന് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയും സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാണ്. എന്നാല്‍ പ്രശ്‌നപരിഹാരമല്ല സമരക്കാരുടെ ആവശ്യം എന്നാണ് മനസ്സിലാക്കുന്നത്. സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇവര്‍ പറഞ്ഞു. സിസ്റ്റര്‍ ദീപയുടെ സുരക്ഷ, ആരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ പറ്റുന്ന സഹായം ചെയ്യാന്‍ രൂപത ഇപ്പോഴും തയ്യാറാണ്.

മകളുമായി ബന്ധപ്പെട്ട വിഷയം ഒട്ടേറെത്തവണ രൂപതാധികൃതരെ അറിയിച്ചെങ്കിലും ഒരുപ്രതികരണവും ഉണ്ടായില്ലെന്ന് ജോസ് കല്ലറ പറഞ്ഞു. സമരംനടത്താന്‍ തീരുമാനിച്ചപ്പോള്‍ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് രൂപതാധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. കോഴിക്കോട് ലത്തീന്‍ രൂപതയില്‍നിന്ന്‌ രണ്ടുപേര്‍ തങ്ങളുടെ കാര്യം അന്വേഷിക്കാന്‍ വന്നിരുന്നെങ്കിലും തുടര്‍നടപടികള്‍ ഒന്നുംഉണ്ടായില്ല.