തുര്‍ക്കിയില്‍ നിന്ന്‌ സവാളയെത്തിക്കും; വിപണി വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍




കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി തുര്‍ക്കിയില്‍നിന്ന്‌ സവാളയെത്തിക്കും. ആദ്യ ലോഡ്‌ 15ന്‌ എത്തും. സപ്ലൈകോ വില്‍പ്പനശാലകള്‍ വഴിയാകും വില്‍പ്പന. ഇതൊടെ ക്രിസ്‌മസ്‌ വിപണിയില്‍ വില കത്തിക്കയറില്ല. ഇളംമഞ്ഞ നിറം കലര്‍ന്ന തുര്‍ക്കി സവാള ഗുണമേന്മയിലും മുന്നിലാണ്‌.

രണ്ട്‌ മാസത്തേക്ക്‌ 600 ടണ്‍ സവാളയാണ്‌ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌. ആഴ്‌ചയില്‍ 75 ടണ്‍ വീതം കേരളത്തിലെത്തും. കിലോയ്‌ക്ക്‌ 65 രൂപയ്‌ക്ക്‌ വില്‍ക്കാനാണ്‌ നേരത്തെ തീരുമാനിച്ചത്‌. ഇതിലും വിലകുറച്ച്‌ നല്‍കാനാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ സപ്ലൈകോ അധികൃതര്‍ പറഞ്ഞു. 140-160 രൂപയാണ്‌ ഇപ്പോള്‍ വിപണി വില.
കേന്ദ്ര സ്ഥാപനമായ മെറ്റല്‍ ആന്‍ഡ്‌ മിനറല്‍സ്‌ ട്രേഡിങ്‌ കോര്‍പറേഷനാണ്‌ (എംഎംടിസി) സവാള ഇറക്കുമതി ചെയ്യുന്നത്‌. ഇവ നാഫെഡ്‌ സംഭരിച്ച്‌ സപ്ലൈകോയ്‌ക്ക്‌ കൈമാറും. യെമനില്‍ നിന്നും സവാള വാങ്ങുന്നുണ്ട്‌. പുണെ, നാസിക്‌ എന്നിവിടങ്ങളില്‍ നിന്നാണ്‌ കേരളത്തിലേക്ക്‌ എത്തിക്കുന്നത്‌.