പുതുവത്സരാഘോഷം; ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ശന ഗതാഗത നിയന്ത്രണം



കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ട്കൊച്ചിയിലും പരിസരങ്ങളിലും സുരക്ഷാ സന്നാഹങ്ങളൊരുക്കി പൊലീസ്. ന്യൂ ഇയര്‍-കാര്‍ണിവല്‍ റാലിയുമായി ബന്ധപ്പെട്ട് സന്ദര്‍ശകരുടെ വരവു മൂലമുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങളും തിരക്കുകളും മുന്‍ നിര്‍ത്തിക്കൊണ്ടുള്ള ക്രമീകരണങ്ങളാണ് അടുത്ത രണ്ട് ദിവസത്തേക്ക് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഫോര്‍ട്ട്കൊച്ചിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പൊലീസ് തുറന്നിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൂന്ന് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ ആറ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, നാല്‍പ്പത് എസ്‌ഐമാര്‍ 400 പൊലീസുകാര്‍ എന്നിവരെയാണ് വിവിധ കേന്ദ്രങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന മൂന്ന് വാച്ച്‌ ടവറുകളില്‍ നിന്ന് ഒരേ സമയം അഞ്ച് വീഡിയോ ക്യാമറകള്‍ ഉപയോഗിച്ചുള്ള ലൈവ് റെക്കോര്‍ഡിങ് സംവിധാനങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുതുവത്സര ദിനത്തില്‍​ വെളി മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഫോര്‍ട്ട്കൊച്ചിയിലേക്ക് വരുന്ന വാഹനങ്ങള്‍ വെളിയില്‍ നിന്നും തിരിഞ്ഞ് അമരാവതി, കുന്നുംപുറം വഴി തിരിച്ചുവിടും. ഫോര്‍ട്ട്കൊച്ചിയില്‍​ നിന്നും തോപ്പുംപടിയിലേക്ക് പോകുന്ന വാഹനങ്ങള്‍ അമരാവതിയില്‍ നിന്നും തിരിഞ്ഞ് അജന്ത തിയറ്റര്‍ റോഡ് വഴിയും തിരിച്ചുവിടും. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഫോര്‍ട്ട്കൊച്ചി കെബി ജേക്കബ് റോഡിലെ പാര്‍ക്കിങിനും നിരോധനമുണ്ട്. ഇതിനു പകരമായി പള്ളത്തു രാമന്‍ മൈതാനം, വെളി മൈതാനം, ബിഷപ്പ് ഗ്രൗണ്ട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാനായി ജങ്കാറിന്റെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

സ്ത്രീകളുടെ സുരക്ഷക്കായി 50 വനിതാ പൊലീസുകളെ വിന്യസിക്കുകയും അതോടൊപ്പം ബീച്ചില്‍​ എത്തുന്ന വിദേശികള്‍ക്കായി പ്രത്യേക സ്ഥലവും പൊലീസ് സജ്ജമാക്കിയിട്ടുണ്ട്. ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് ശേഷം മടങ്ങിപോകുന്നതിനായി രാത്രി 12 മണിയ്ക്ക് ശേഷം ബസ് സര്‍വ്വീസുകളും ഏര്‍പ്പെടുത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു.